വാഷിങ്ടൺ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുപ്രിംകോടതിവരെ പോയാലും തന്റെ തീരുവ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത റഷ്യയുമായി ഇനിയും വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കും കടുത്ത ഉപരോധം പ്രഖ്യാപിക്കാനുള്ള ബിൽ തന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ തയാറാക്കുന്നതായി ട്രംപ് പറഞ്ഞു. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കുമേൽ 500% വരെ തീരുവ ചുമത്താനുള്ള ബില്ലാണ് തയാറാകുന്നതെന്നതാണ് റിപ്പോർട്ട്.
അതുപോലെ ഈ ബില്ലിൽ ഇറാനെയും ഉൾപ്പെടുത്തും. അതോടെ, ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കും ഉപരോധം വരുമെന്നും ട്ര.പ് വ്യക്തമാക്കുന്നു. ഇത്തരത്തിലൊരു ബിൽ വരുന്നുണ്ടെന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘‘അതെ, ബിൽ വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഏത് രാജ്യമായാലും റഷ്യയ്ക്കൊപ്പം വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ ഗുരുതരമായ ഉപരോധം നേരിടേണ്ടിവരും. ഇറാനെയും ഉൾപ്പെടുത്താൻ ഞാൻ പറഞ്ഞിട്ടുണ്ട്’’, ട്രംപ് പറഞ്ഞു. റഷ്യയെയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ കോൺഗ്രസ് പാസാക്കേണ്ട സമയമായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പഴയ തീരുമാനം ട്രംപ് ആവർത്തിച്ചത്.
അതേസമയം റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കെതിരെ ട്രംപ് 25% പിഴച്ചുങ്കം ഉൾപ്പെടെ മൊത്തം 50% ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. പിന്നാലെ, റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണ കയറ്റുമതി കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് ഉപരോധവും ഏർപ്പെടുത്തി. ട്രംപിന്റെ ഇരു നടപടികളും റഷ്യയെ സാമ്പത്തികമായി ഉലച്ചിട്ടുണ്ട്. ഇന്ത്യ ഏറക്കുറെ റഷ്യൻ കമ്പനികളുമായി പുതിയ കരാറിൽ ഏർപ്പെടുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.















































