2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിതവണ്ണമുള്ളവരായിരിക്കും എന്നാണ് ദ ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. അങ്ങനെ ചെയ്യരുത്. മിതമായ അളവില്‍ കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കണം. രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞിരിക്കണം.
നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. അതുപോലെ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം.