ചെന്നൈ: പുറത്താക്കിയ എഐഎഡിഎംകെയിലേക്ക് മടങ്ങിവരാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും ഒരുകാലത്ത് ജെ ജയലളിതയുടെ വലംകയ്യുമായിരുന്ന ഒ പനീർസെൽവം. ഐക്യത്തോടെയുളള പാർട്ടി കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും താൻ എഐഎഡിഎംകെയുമായി ഒന്നിക്കാൻ തയ്യാറാണെന്നും ഒ പനീർസെൽവം പറഞ്ഞു. എന്നാൽ പനീർസെൽവത്തിന്റെ തിരിച്ചുവരവിനെ താൻ ഒരുതരത്തിലും സ്വാഗതം ചെയ്യില്ല എന്നായിരുന്നു എടപ്പാടി പളനിസ്വാമിയുടെ മറുപടി.
കഴിഞ്ഞ ദിവസം തേനിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ പനീർസെൽവം എടപ്പാടി പളനിസ്വാമിയെ ജ്യേഷ്ഠ സഹോദരൻ എന്നാണ് അഭിസംബോധന ചെയ്തത്. ‘എന്റെ സഖ്യനിലപാട് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. എഐഎഡിഎംകെയിലെ അവകാശങ്ങൾക്കായുളള നിയമപോരാട്ടം ഞങ്ങൾ തുടരും. എഐഎഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. ടിടിവി ദിനകരൻ എന്നെ സ്വാഗതം ചെയ്യാൻ തയ്യാറാണ്. എടപ്പാടി പളനി സ്വാമി തയ്യാറാണോ? എന്നാണ് ഒ. പനീർസെൽവം ചോദിച്ചത്. ഇതോടെ വെറുതെ പോലും വേണ്ടെന്നായി എടപ്പാടിക്ക്.
അതേസമയം 2022-ൽ എഐഎഡിഎംകെ പനീർസെൽവത്തെ പുറത്താക്കിയിരുന്നു. അധികാരത്തകർക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലിൽ കലാശിച്ചതിന് പിന്നാലെ പ്രത്യേക പ്രമേയത്തിലൂടെയാണ് പനീർസെൽവത്തെ പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചായിരുന്നു നടപടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് എതിരെ ഒരുമിച്ചുളള പോരാട്ടത്തിനായി എഐഎഡിഎംകെയിലെ പിളർന്നുപോയ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പാർട്ടിയിൽ തിരിച്ചുവരാൻ താൽപ്പര്യമുണ്ടെന്ന പനീർസെൽവത്തിന്റെ പ്രഖ്യാപനം.

















































