കാസർകോട്: ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിഷകലയെന്ന് വിളിച്ച സംഭവത്തിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഒരുവേള ശശികലയോട് മാപ്പ് പറഞ്ഞാൽ കേസ് തീർക്കാമെന്ന് പറഞ്ഞപ്പോൾ അതിലും ഭേദം മരണമാണെന്നുള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയിൽ കരുത്ത് പകർന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കൂടാതെ തന്നെ പ്രകോപിപ്പിച്ചത് ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ച ഒരു കാപാലികൻ ഫഹദ് മോൻ എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പോസ്റ്റിൽ പറയുന്നു.
രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ശശികലയെ വിഷകല എന്ന് വിളിച്ചു എന്ന് പറഞ്ഞ് കൊടുത്ത മാനനഷ്ടക്കേസിൽ ചേർത്തല കോടതി എന്നെ കുറ്റവിമുക്തനാക്കിയിരിയ്ക്കുകയാണ്. ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ച ഒരു കാപാലികൻ ഫഹദ് മോൻ എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് എൻ്റെ അന്നത്തെ പ്രതികരണത്തിൻ്റെ അടിസ്ഥാനം. വെറുപ്പ് ഒരു പകർച്ചവ്യാധിയായി പടർത്തുന്നവർക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും, നിയമപരമായും തുടരുക തന്നെ ചെയ്യും, അതിന് കൊടുക്കേണ്ടി വരുന്ന വില എന്ത് തന്നെയായാലും.
ഒരുവേള ശശികലയോട് മാപ്പ് പറഞ്ഞാൽ കേസ് തീർക്കാമെന്ന് പറഞ്ഞപ്പോൾ
മാപ്പ് പറഞ്ഞു നമുക്ക് ശീലമില്ലെന്നും, സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ പൂർവികർ അത് അവരുടെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചിട്ടില്ലെന്നും അതിലും ഭേദം മരണമാണെന്നും ഉള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയിൽ കരുത്ത് പകർന്നത്.
എന്നും എന്നോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവരോടും നന്ദി.
നിങ്ങൾ.. നിങ്ങൾ മാത്രം ആണെൻ്റെ ശക്തി.
എനിക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ മുൻ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ സൈദാലികുട്ടി , പ്രിയപ്പെട്ട അഡ്വ. ബി. എം. ജമാൽ , പ്രിയങ്കരനായ അഡ്വ സി വി തോമസ് എന്നിവരോട് നന്ദി അറിയിക്കുന്നു.