തിരുവനന്തപുരം: ഒരു ട്രെയിൻ യാത്രയാണ് 19- കാരിയെ മരണത്തിന്റെ വക്കിൽ വരെയെത്തിച്ചത്. മദ്യപിച്ച് വെളിവില്ലാതെ തന്റെയടുത്തെത്തിയ മനുഷ്യനോട് പ്രതികരിച്ചതിന് പ്രതി ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. കോട്ടയത്തുനിന്നു ട്രെയിനിൽ കയറിയ പ്രതി വർക്കലയിൽ വച്ചാണ് പത്തൊൻപതുകാരിയായ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടി പുറത്തേക്കിട്ടത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇതിനിടെ ശ്രീക്കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അർച്ചനയെന്ന സുഹൃത്തിനെ സുരേഷ് കുമാറിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയ ആ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയിൽവേ പോലീസ്. ചുവന്ന ഷർട്ടിട്ട ഒരാളാണ് ജീവൻ പണയപ്പെടുത്തി അർച്ചനയെ രക്ഷപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. ഇയാൾ തന്നെയാണു സുരേഷിനെ കീഴ്‌പ്പെടുത്തിയതെന്നു റെയിൽവേ പോലീസ് പറയുന്നു.
അതേസമയം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ ആക്രമിച്ച പ്രതി യാത്ര തുടങ്ങും മുമ്പ് ബാറിൽ കയറി മദ്യപിച്ചതിന്റെ തെളിവുകൾ പുറത്ത്. കേരള എക്‌സ്പ്രസിൽ കയറും മുൻപ് സുരേഷ് കുമാർ കോട്ടയത്തെ ബാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.



















































