തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും ആരോഗ്യ മന്ത്രി വീണ ജോർജിനെതിരേയും രൂക്ഷമായ ഭാഷയിൽ സഭയിൽ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശ വർക്കർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. എന്നാൽ സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ബക്കറ്റ് പിരിവിന്റെ പേര് പറയുന്നവർ കൊലയാളികൾക്ക് വേണ്ടി പിരിവ് നടത്തിയവരാണ്. മുഖ്യമന്ത്രിയോ, മന്ത്രിമാരോ സമരക്കാരോട് സംസാരിക്കാൻ തയ്യാറായോ?. ഓഫീസ് ടൈമിൽ വോട്ട് ചോദിച്ചാണോ ഈ സഭയിൽ എല്ലാവരും ജയിച്ചെത്തിയത്. ആരോഗ്യമന്ത്രി പറഞ്ഞത് സമരക്കാരോട് ഓഫീസ് ടൈമിൽ വരാനാണ്. അധികകാലം ഓഫീസിൽ ഇരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മാത്രമല്ല സിക്കിംമിൽ 10000 രൂപയാണ് ഓണറേറിയം. അത് വീണ ജോർജ് പഠിച്ച ഇന്ത്യയുടെ മാപ്പിൽ ഇല്ല. എന്ത് പറഞ്ഞാലും കേരളത്തെക്കാൾ ദുർബലമായ സംസ്ഥാനങ്ങളുടെ കണക്ക് പറഞ്ഞാണ് ഇവരുടെ താരതമ്യം. കേന്ദ്രത്തിൽ നിന്ന് 98 കോടി രൂപ വാങ്ങിയെടുക്കാൻ പറ്റാത്ത കെവി തോമസിന് യാത്ര ബത്ത കൂട്ടിയ സർക്കാരീണ്. ഈ സർക്കാർ ഫോൾസ് ഈഗോ വെടിയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം എസ്‍യുസിഐയുടെ നാവായി യൂത്ത് കോൺഗ്രസ് നേതാവായ എംഎൽഎ മാറിയെന്ന് മന്ത്രി വീണ ജോർജ് പ്രതികരിച്ചു. ഓണറേറിയം വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാട്. സമരക്കാരുമായി കഴിഞ്ഞ15 ന് വിശദമായി ചർച്ച ചെയ്തു. വീട്ടിൽ വന്നപ്പോൾ അധിക്ഷേപിച്ചു എന്ന എസ്‍യുസിഐയു നേതാവിന്റെ അതേ കള്ളമാണ് പാലക്കട് എംഎൽഎ ആവർത്തിക്കുന്നത്. ഇതിനെതിരെ
നിയമപരമായി മുന്നോട്ട് പോകുമെന്നും വീണ ജോർജ് പറഞ്ഞു.