തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ കോടതിയും പാർട്ടിയും തള്ളിക്കളഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്നിൽ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ അസ്തമിക്കുന്നു. എട്ടു ദിവസം മുൻപ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ മുന്നിലേക്കു നേരിട്ടെത്തിയതിനു പിന്നാലെ ഒളിവിൽ പോയ രാഹുൽ, മുൻകൂർ ജാമ്യഹർജി തള്ളിയതോടെ കീഴടങ്ങാനുള്ള സാധ്യത തെളിയുന്നു. മാത്രമല്ല കോടതിവിധിക്കു പിന്നാലെ രാഹുലിന്റെ ഫോൺ ഓണായത് കീഴടങ്ങാനുള്ള തയാറെടുപ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഇതിനിടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും അഭിഭാഷകർ നടത്തുന്നുണ്ട്. അതേസമയം, രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ കൂടി കേസെടുത്തതോടെ രാഹുലിനു മുന്നിൽ നിയമവഴികൾ കടുപ്പമേറിയതാകും എന്നാണു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻകൂർ ജാമ്യഹർജിയും അറസ്റ്റ് ഒഴിവാക്കാനുള്ള ഹർജിയും കോടതി തള്ളിയ സാഹചര്യത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള ശക്തമായ നീക്കങ്ങളാണു പോലീസ് നടത്തുന്നത്. മാത്രമല്ല യുവതി പരാതി കൊടുത്തയന്നു മുങ്ങിയ രാഹുലിനെ എട്ടുദിവസമായിട്ടും പിടികൂടാൻ കഴിയാത്തതിൽ പോലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 2024 ഡിസംബർ 4 ഉച്ചയ്ക്ക് 12 മണിക്ക്. കൃത്യം ഒരുവർഷം തികയുന്ന അന്നുതന്നെ തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ രാഹുലിന് എതിരായ കേസിൽ നിർത്തിവച്ച വാദവും പുനരാരംഭിച്ചു. അധികം താമസിക്കാതെ രാഷ്ട്രീയ ജീവിതത്തിനു ഏറെക്കുറെ അന്ത്യം കുറിച്ചുകൊണ്ടുള്ള വിധി കോടതിയും പാർട്ടിയും ഒരുപോലെ വിധിച്ചു.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ്‌യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പിന്നീട് എംഎൽഎയുമായത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവനേതാവിന്റെ പേരു വെളിപ്പെടുത്താതെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയരുന്നത്. പേരു വെളിപ്പെടുത്താതെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. അന്നുതന്നെ രാഹുലിന്റെ പേരു വെളിപ്പെടുത്തി പ്രവാസി എഴുത്തുകാരിയും രംഗത്തെത്തി. പിറ്റേന്ന് ചാറ്റുകളും ഓഡിയോ ക്ലിപ്പും പുറത്തുവന്നു.
ഇതോടെ ഹൈക്കമാൻഡിനു മറിച്ചൊരു ചിന്തയുടെ ആവശ്യമില്ലാതെതന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി ചോദിച്ചുവാങ്ങി. പിന്നാലെ പാർലമെന്ററി പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു. വിവാദം കെട്ടടങ്ങിയപ്പോഴേക്കും പാലക്കാട് മണ്ഡലത്തിലെത്തി സജീവമാകാൻ ശ്രമിച്ചുവെങ്കിലും ആരോപണങ്ങൾ വീണ്ടും പിന്നാലെയെത്തി. അതുപിന്നീട് കൊണ്ടുചെന്നെത്തിച്ചത് നിൽക്കക്കള്ളിയില്ലാത്തെ ഓട്ടത്തിലേക്കും.

















































