ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ. മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമ പശ്ചിമബംഗാൾ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടിമാറ്റുന്നതിന് വേണ്ടിയുള്ള ഒടിപി ബൈപ്പാസ് ചെയ്തു നൽകിയത് ബാപി ആദ്യയാണ് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തൽ.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിന്റെ ഡേറ്റാ സെന്ററിലേക്ക് എത്തിച്ചുനൽകി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. കൽബുർഗിയിലെ ഒരു ഡേറ്റാ സെന്റർ വഴിയാണ് വോട്ട് വെട്ടൽ പരിപാടികൾ നടന്നത് എന്നായിരുന്നു രാഹുൽ ഗാന്ധി തന്റെ വോട്ടുകൊള്ള ആരോപണത്തിൽ പ്രധാനമായും എടുത്തുപറഞ്ഞിരുന്നത്.
അതുപോലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് അലന്ദിലെ എംഎൽഎയായിരുന്ന ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേർന്നാണ് ഡേറ്റാ സെന്ററിന് കരാർ നൽകിയിരുന്നത് എന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ഒരു വോട്ടിന് 80 രൂപ എന്ന കണക്കിൽ 6000-ത്തിലധികം വോട്ടുകൾ വെട്ടിപ്പോയിട്ടുണ്ട് എന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അവർ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഡേറ്റാ സെന്റർ നടത്തിയിരുന്ന വ്യക്തി, സുഭാഷ് ഗുട്ടേദാർ, അദ്ദേഹത്തിന്റെ മകൻ എന്നിവരുൾപ്പെടെ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.
















































