തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത തനിക്കെതിരെ പോലീസിൽ വീണ്ടും വ്യാജ പരാതി നൽകിയെന്ന് രാഹുൽ ഈശ്വർ. എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവത്കരിച്ചു. എതിർ സ്വരങ്ങളെ നിശബ്‍ദമാക്കുന്ന ഈ പ്രവണത നല്ലതാണോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.
‘‘ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണെന്നു ആലോചിച്ചു നോക്കൂ. ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പോലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളത്. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണം. പുരുഷ കമ്മിഷൻ വരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല. വീഡിയോ ചെയ്യുന്നതിനു കോടതി വിലക്കില്ല. ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. എന്നെ ഇനിയും അറസ്റ്റ് ചെയ്യുമായിരിക്കാം. പക്ഷേ പുരുഷന്മാർക്ക് നീതി കിട്ടണം’’ – രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം രാഹുൽ ഈശ്വർ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും കാണിച്ചാണ് അതിജീവിത വീണ്ടും പരാതി നൽകിയത്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി.
പരാതിയിൽ രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനു 16 ദിവസത്തിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. അതിജീവിതയ്ക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ രാഹുൽ ഈശ്വറിനെ നവംബർ 30നായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.














