തിരുവനന്തപുരം: സൈബറാക്രമണത്തിൽ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പരാതിനൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സാമൂഹിക മാധ്യമം വഴി വീണ്ടും വീഡിയോ പങ്കുവെച്ച് തന്നെ അധിക്ഷേപിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ഇവർ ആവശ്യപ്പെടുന്നു. അതിജീവിതയുടെ പരാതി പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലി പരിശോധിച്ച ശേഷം തിരുവനന്തപുരം സിറ്റി സൈബർ പോലീസിനു കൈമാറി.
അതേസമയം തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ വൈകീട്ടോടെ രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതിയുമായി രംഗത്തെത്തിയത്.
യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ നേരത്തേ അറസ്റ്റിലായിരുന്നു. 2025 നവംബർ 30-ന് കസ്റ്റഡിയിലെടുക്കപ്പെട്ട രാഹുലിന് 16 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്.

















































