ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിനു മുന്നോടിയായുള്ള പരിശീലന ക്യാംപിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എംഎസ് ധോണി. ശ്രീലങ്കൻ യുവപേസർ 22 കാരനായ മതീഷ പതിരാനയെ ധോണി ‘ഹെലികോപ്റ്റർ ഷോട്ടിൽ’ സിക്സർ പറത്തുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത്. നോൺ സ്ട്രൈക്കറായി ആർ. അശ്വിനെ നിർത്തിയായിരുന്നു ധോണിയുടെ സിക്സർ.
മികച്ച ഫോമിൽ പന്തെറിയുന്ന യുവപേസർ പതിരാനയെ 43 വയസുകാരൻ ധോണി സിക്സർ തൂക്കുന്ന ദൃശ്യങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ട്രെയിലർ ഇങ്ങനെയാണെങ്കിൽ കളി എങ്ങനെയാകുമെന്ന ആകാംഷയിലാണ് ഏവരും. 2020 ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച സൂപ്പർ താരം ഐപിഎല്ലിന്റെ പുതിയ സീസണിൽ തകർക്കുമെന്ന കാര്യം ഉറപ്പിക്കുന്ന വിധമാണ് ധോണിയുടെ പരിശീലനം.
ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിനകത്തെ മത്സരത്തിനിടെയാണ് പതിരാനയുടെ യോർക്കർ ധോണി ബൗണ്ടറി കടത്തിയത്. കഴിഞ്ഞ ഐപിഎല്ലിനു ശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ധോണി, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേയിങ് ഇലവനിൽ ഫിനിഷർ റോളിൽ തന്നെ ഇറങ്ങും. അതേസമയം പതിവു പോലെ ധോണി തന്നെയായിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പർ.
അതേസമയം നേരത്തേ തന്നെ ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തുന്ന ധോണിയാണ് ഒടുവിലായി ഗ്രൗണ്ടിൽനിന്നു മടങ്ങുന്നതെന്നു മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. ‘‘ചെന്നൈയിൽ ധോണി 2–3 മണിക്കൂറുകൾ ബാറ്റു ചെയ്യുന്നുണ്ട്. ഇത്രയും പ്രായമായിട്ടും ഗ്രൗണ്ടിൽ ആദ്യമെത്തുക ധോണിയാണ്. പരിശീലനം പൂർത്തിയാക്കി അവസാനം മടങ്ങുന്നതും ധോണിയായിരിക്കും. അതാണ് പരിശീലനത്തിൽ അദ്ദേഹത്തിന്റെ വ്യത്യാസം.’’– ഹർഭജൻ പ്രതികരിച്ചു. മാർച്ച് 23ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം.
— Telugu Dhoni fans official 🤫 (@dhonsim140024) March 18, 2025