നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കണോ, വേണ്ടയോയെന്ന് പിവി അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവിടെ എല്ലാം സജ്ജമാണ്. എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ വലിയ കുഴപ്പമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യുഡിഎഫിൽ ഒരു കുഴപ്പവുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിഡി സതീശൻ. തിരഞ്ഞെടുപ്പുമായും സ്ഥാനാർഥിയുടെ പ്രചരണവുമായും അൻവർ സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകുമെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂർണമായ അനുമതിയോടെയാണ് കോൺഗ്രസിലെ മുഴുവൻ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
അതുപോലെ ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവർത്തനങ്ങൾ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന രീതിയിൽ യുഡിഎഫ് നിലമ്പൂരിൽ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പരമ്പരാഗതമായി നിലമ്പൂർ യുഡിഎഫ് മണ്ഡലമാണ്. പ്രത്യേകമായ കാരണങ്ങളാലാണ് 9 വർഷം മണ്ഡലം നഷ്ടമായതെന്നും സതീശൻ കൂട്ടിച്ചേർത്തു.