മലപ്പുറം: പുതിയ മുന്നണിയുമായി പിവി അൻവർ എത്തുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കേരള കൺവീനറായ പിവി അൻവർ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കുമെന്ന് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനവും നടക്കുക.
അതേസമയം തൃണമൂൽ കോൺഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് കൂടിയാണ് പുതിയ മുന്നണി രൂപീകരണം. മൂന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കം. നിരവധി ചെറിയ സംഘടനകൾ കൂടി മുന്നണിയുടെ ഭാഗമായേക്കും. കൂടാതെ എതിരാളികൾ അൻവറിനെ ഭയക്കുന്നണ്ട്. കാരണം വോട്ടുമറിക്കാൻ അൻവറിനേക്കാൾ വലിയ നേതാവില്ലെന്നുതന്നെ പറയാം. ആരുടെയൊക്കെ, ഏതൊക്കെ പാർട്ടിയുടെ വോട്ട് സ്വന്തം പെട്ടിയിലാക്കുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പുമില്ല, അതിനാൽതന്നെ ഇരുമുന്നണിയിലേയും നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയിലായിരിക്കും നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിനെ നേരിടുക.
അതിനിടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ പിവി അൻവർ രംഗത്തെത്തി. നേതാക്കൾ കാട്ടി കൂട്ടിയ പലതിൻറേയും തെളിവുകൾ തൻറെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വച്ച് നാട്ടുകാരെ കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു.