മലപ്പുറം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ നഷ്ടപ്പെടാതിരിക്കാൻ ഇനി മത്സരിക്കാനില്ലെന്ന കെടി ജലീലിന്റെ തീരുമാനത്തിൽ മാറ്റമെന്നു സൂചന. പിവി അൻവറിനെ തവനൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം യുഡിഎഫിൽ സജീവമായതോടെ ജലീൽ തന്നെ കളത്തിലിറങ്ങുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. കഴിഞ്ഞ തവണ അവസാന ലാപ്പിലാണ് കെടി ജലീൽ ഓടിക്കയറിയത്. ഫിറോസ് കുന്നുംപറമ്പിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്നപ്പോഴും 2564 വോട്ടിന്റെ ഭൂരിപക്ഷം ജലീൽ നേടിയിരുന്നു.
അതേപോലെ പിവി അൻവറിനെ രംഗത്തിറക്കിയാൽ ഇക്കുറി മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. പിവി അൻവർ തവനൂരിൽ മത്സരിക്കുന്നതിൽ മുസ്‌ലിം ലീഗിനും താൽപര്യമുണ്ടെന്നാണ് അറിയുന്നത്. മണ്ഡലം രൂപീകരിച്ച കാലം മുതൽക്കെ എൽഡിഎഫിനോടൊപ്പം നിലയുറപ്പിച്ച മണ്ഡലത്തിലേക്ക് പിവി അൻവറിനെ എത്തിക്കുന്നത് വേഗത്തിലായത് യുഡിഎഫിന് മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വൻവിജയമാണ്. തവനൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്.
2020ൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഉണ്ടായിരുന്ന പഞ്ചായത്തുകൾ നിലനിർത്തുകയും ബാക്കി നാലെണ്ണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തതോടെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. മാത്രമല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലും തവനൂരിൽ യുഡിഎഫാണ് മുന്നിലെത്തിയത്. 18,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്.
അതേസമയം ഇനി മത്സരിക്കാനില്ലെന്ന് ജലീൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ അൻവറും ജലീലും ഇക്കുറി ഏറ്റുമുട്ടിയാൽ ഏവരും ശ്രദ്ധിക്കുന്ന മണ്ഡലമായി തവനൂർ മാറുമെന്ന് തീർച്ച.



















































