കേരളത്തില്‍ ഹൃദ്രോഗങ്ങളും ഹൃദയസ്തംഭനങ്ങളും വര്‍ധിച്ചുവരുന്നതാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരാണ് ഹൃദ്രോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത്. അടുത്തിടെ കേരള സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഓക്സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയുന്നതിന് നിര്‍ണായകമായ പ്രോട്ടീന്‍ കണ്ടെത്തി. ഹൃദയത്തില്‍ ഓക്സിജന്‍ കുറയുന്ന ഘട്ടത്തില്‍ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചുകൊണ്ട് ഹൃദയത്തിന് സംരക്ഷണം നല്‍കാമെന്ന് ടോക്സിക്കോളജി ആന്റ് ഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
കോശങ്ങളുടെ ഘടന നിലനിര്‍ത്തുന്ന പ്രോട്ടീന്‍ ആണ് ആക്ടിന്‍. കാരി മത്സ്യത്തെ (കല്ലേല്‍ മുട്ടി) ഉപയോഗിച്ചായിരുന്നു ഗവേഷണം. സാധാരണ മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷ വായുവില്‍ അടങ്ങിയ ഓക്സിജനും കല്ലേല്‍ മുട്ടി എന്ന മത്സ്യത്തിന്റെ അതിജീവനത്തിന് പ്രധാനമാണ്. അന്തരീക്ഷ വായു ലഭ്യത കുറയ്ക്കുമ്പോള്‍ ഇവയുടെ ഹൃദയത്തിനുണ്ടാകുന്ന മാറ്റങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്.
ഓക്സിജന്‍ കുറവുള്ള സഹാചര്യത്തില്‍ വായു ശ്വസിക്കുന്ന മത്സ്യങ്ങളുടെ ഹൃദയത്തില്‍ മൈറ്റകോണ്‍ട്രിയല്‍ ഊര്‍ജ്ജസ്വലത, സെല്ലുലാര്‍ സിഗ്നലിങ്, ഘടനാപരമായ സമഗ്രത എന്നിവ നിലനിര്‍ത്തുന്നതില്‍ ആക്ടിന്‍ എന്ന പ്രോട്ടീന്റെ നിര്‍ണായക പങ്ക് പഠനം ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദം അനുഭവപ്പെടുമ്പോഴാണ് ഹൃദയത്തില്‍ ഓക്സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥയുണ്ടാകുന്നത്. കോശങ്ങളുടെ സ്ഥിരതയെ സഹായിക്കുന്ന ആക്ടിന്‍ എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനം ലഘൂകരിച്ചാല്‍ മരണം തടയാനാകുമെന്നാണ് കണ്ടെത്തല്‍.