തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ. കൂടാതെ വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. സിനിമയിലെ മാറ്റങ്ങൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
അതേസമയം ചില രംഗങ്ങൾ മാറ്റാനും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനും തീരുമാനമായി. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. അതോടൊപ്പം വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.
എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം. അതിനിടെ, സിനിമയ്ക്ക് രണ്ട് കട്ടാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവും സംഘടനയ്ക്കുണ്ട്.
സിനിമ തിയറ്ററുകളിലെത്തി രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയ വിവാദം ശക്തമാകുന്നത്. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓർഗനൈസറിലെ കുറ്റപ്പെടുത്തൽ. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമർശിക്കുന്ന ലേഖനത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാർ, ജെ നന്ദകുമാർ അടക്കമുള്ള ആർഎസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമർശിക്കുന്നുണ്ട്. സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാർട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗൺസിൽ അംഗം സി രഘുനാഥിൻറെ പ്രതികരണമുണ്ടായത്.
അതേസമയം ഈ വിവാദങ്ങൾക്കിടെയാണ് എംപുരാൻ്റെ സെൻസർ രേഖാ പുറത്തുവന്നത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൻെ ദൃശ്യങ്ങളുടെ ദൈർഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോർഡിൻറെ നിർദ്ദേശം. ആർഎസ്എസ് നോമിനികൾ കൂടിയുള്ള ബോർഡ് രണ്ട് കട്ട് മാത്രം നിർദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തിൽ കൂടുതൽ കട്ട് നിർദ്ദേശിക്കണമെന്നാണ് ചില ആർഎസ്എസ് നേതാക്കളുടെ നിലപാട്.