മൂന്നാർ ഗവൺമെന്റ് കോളേജിലെ ബി എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഏതാനും ചില വിദ്യാർത്ഥികൾ കോപ്പിയടിച്ചത് തൊടുപുഴ അഡിഷനൽ ചീഫ് എക്‌സാമിനറായിരുന്ന പ്രഫസർ ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടുന്നു. കോപ്പിയടിച്ചതിന്റെ പേരിൽ തങ്ങളെ പിടികൂടിയ അധ്യാപകനെ എസ്എഫ്ഐക്കാരായ വിദ്യാർഥിനികൾ നേരിട്ട വിധം സിനിമ കഥയെക്കാൾ സംഭവബഹുലമാണ്. പരീക്ഷയിൽ ക്രമക്കേട് കാട്ടിയ തങ്ങളെ പിടിക്കൂടിയ അധ്യാപകനോട് ഇവർക്ക് പക തോന്നുകയും തുടർന്ന് അധ്യാപകന്റെ പേരിൽ വിദ്യാർഥിനികൾ വ്യാജ പീഡനം പരാതി ഉന്നയിക്കുന്നു. 2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ അഞ്ചുവരെ ആനന്ദ് വിശ്വനാഥൻ തങ്ങളെ പീഡിപ്പിച്ചതായി ആരോപിച്ച് അഞ്ചു വിദ്യാർഥിനികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി. ഇതേ തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആനന്ദ് വിശ്വനാഥന്റെ അവിടെ നിന്ന് ഇങ്ങോട്ടുള്ള പോരാട്ടത്തിന്റെ കഥയാണ് ഇന്ന് നമുക്ക് ചർച്ച ചെയ്യുവാനുള്ളത്.
ഒരു ദശാബ്ദത്തിലധികം ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരു അധ്യാപകൻ വേട്ടയാടപ്പെടുന്നു. ഏതാനും ചില വിദ്യാർത്ഥികൾ പകയുടെ പേരിൽ മാത്രം നൽകിയ കേവലമായ ഒരു പരാതി മാത്രമല്ലയിരുന്നില്ല അത്, അതിനുപിന്നിൽ രാഷ്ട്രീയമായ പല താല്പര്യങ്ങളും ഉണ്ടായിരുന്നു എന്ന് മാതൃഭൂമി ന്യൂസിനോട് അധ്യാപകൻ വെളിപ്പെടുത്തുകയുണ്ടായി. അധ്യാപകനെതിരെ വ്യാജ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഎം ഓഫീസിൽ വച്ചായിരുന്നു എന്ന് സർവകലാശാല അന്വേഷണ കമ്മീഷനോട് പറഞ്ഞത് പരാതിക്കാരായ വിദ്യാർത്ഥിനികൾ തന്നെയാണ്. എങ്ങനെയാണ് സ്വന്തം അധ്യാപകനെ ഇത്തരത്തിൽ വേട്ടയാടാൻ ഈ വിദ്യാർത്ഥികൾക്ക് മനസ്സ് വന്നത് ? സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും നെറികെട്ട രാഷ്ട്രീയത്തിന്റെ മുഖമാണ് ഒരിക്കൽ കൂടി പൊതു സമൂഹത്തിനുമുന്നിൽ അനാവൃതമായിരിക്കുന്നത്.
ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ ഏകപക്ഷീയമായി ഈ വിഷയത്തിൽ നിലപാടെടുത്തപ്പോൾ അതിലൊന്നും മനം മടുക്കാതെ ഇന്ത്യൻ നീതിവ്യവസ്ഥയിൽ വിശ്വസിച്ചു മുന്നോട്ടു പോയ ആനന്ദ് വിശ്വനാഥൻ എന്ന അധ്യാപകന് ഒടുവിൽ നീതി ലഭിച്ചു. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജി കഴിഞ്ഞ ദിവസം അദ്ദേഹത്തെ കുറ്റവിമുക്തമാക്കി. 11 വർഷം എന്നത് ഒരു മനുഷ്യായുസ്സിലെ വളരെ വലിയ കാലമാണ്. ഒരു തെറ്റും ചെയ്യാത്ത, തന്റെ ജോലി മാത്രം നിർവഹിച്ച ഒരു അധ്യാപകന് ചെയ്യാത്ത കുറ്റത്തിന് ഒരു പതിറ്റാണ്ടിലേറെ പാപഭാരം ഏറേണ്ടി വന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുമ്പോൾ അത് സത്യസന്ധമായ കേസുകളുടെ പോലും വിശ്വാസതയെയാണ് ബാധിക്കുമെന്ന് അറിയാവുന്നവർ തന്നെ അതിനെ ദുരുപയോഗം ചെയ്തു. നേർവഴി കാട്ടിയ അധ്യാപകനെ അനീതിയുടെ കഴുമരത്തിൽ ഏറ്റിയതിന്റെ പാപഭാരം ഈ വിദ്യാർത്ഥിനികളും അതിനു കൂട്ടുനിന്നു ആളുകളും ഏത് ഗംഗയിൽ മുങ്ങിയാണ് കഴുകി കളയുക?
കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിനോട് ഈ വിഷയത്തിൽ സംസാരിക്കവേ ഈ കേസുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ സംഭവങ്ങളെ ആനന്ദ് വിശ്വനാഥൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒരു മാസക്കാലമായി അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചു എന്ന് വിദ്യാർത്ഥികൾ പരാതി നൽകുമ്പോൾ ആ ഒരു മാസക്കാലം വിദ്യാർഥിനികൾ കോളേജിൽ ഉണ്ടായിരുന്നോ എന്നുപോലും അന്വേഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ മുതിർന്നില്ല എന്നും ഈ കാലയളവിൽ വിദ്യാർത്ഥികൾ സ്റ്റഡി ലീവിൽ ആയിരുന്നു എന്നും ആനന്ദ് ആരോപിക്കുന്നുണ്ട്. കോടതി തന്നെ വിമുക്തനാക്കുമ്പോൾ അന്ന് ഏകപക്ഷീയമായി അന്വേഷണം നടത്തി തന്നെ ശിക്ഷിച്ചവർ ഇനി മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
ഇത്തരത്തിൽ ഒരു പരാതി വരാനും അതിനെ തുടർന്ന് ഏകപക്ഷീയമായ അന്വേഷണം നടന്നതിനും പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട് എന്ന് അധ്യാപകനായ ആനന്ദ് വെളിപ്പെടുത്തുന്നുണ്ട് . 2007 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഇടുക്കി ജില്ലയുടെ വിജിലൻസ് സ്‌ക്വാഡ് കൺവീനർ ആയിരിക്കെ മൂന്നാർ കോളേജ് റെയ്ഡ് ചെയ്തിരുന്നു. ആ റെയ്ഡിൽ ഒരു എസ്എഫ്എക്കാരന്റെ കോപ്പിയടി റിപ്പോർട്ട് ചെയ്യുകയും, അത് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിന് എതിരെ അന്ന് സ്ഥലം എംഎൽഎ ആയിരുന്ന എസ് രാജേന്ദ്രൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് രേഖാമൂലം പരാതി എഴുതി കൊടുത്ത് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. ഈ ട്രാൻസ്ഫർ ഹൈക്കോടതിയിൽ ചലഞ്ച് ചെയ്തിട്ടാണ് പിന്നീട് അദ്ദേഹം മൂന്നാർ കോളേജിൽ സേവനം തുടർന്നത്. ഇത്തരത്തിലുള്ള പല അനുഭവങ്ങളും ആനന്ദിന് മുൻ കാലങ്ങളിൽ ഉണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വസ്തുതകൾ ഒന്നും തന്നെ പരിശോധിക്കാതെ തനിക്കെതിരെ റിപ്പോർട്ട് നൽകിയ ഈ കേസ് അന്വേഷിച്ച അഡീഷണൽ ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും എതിരെ തുടർനിയമ പോരാട്ടങ്ങളുമായി മുന്നോട്ടു തന്നെ പോകുമെന്നും ആനന്ദ് വിശ്വനാഥൻ പറയുന്നു.
എസ്എഫ്ഐ പ്രവർത്തകർക്ക് ക്യാമ്പസിൽ എന്ത് തോന്നിവാസവും ചെയ്യാനുള്ള സാഹചര്യം അധ്യാപകർ ഒരുക്കി നൽകണം. അങ്ങനെ ഒരുക്കി നൽകാത്ത, എസ്എഫ്ഐക്കാരുടെ ഇംഗിതങ്ങൾക്ക് ഒപ്പം നിൽക്കാത്ത അധ്യാപകരെ സിപിഎം പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ വേട്ടയാടും എന്ന് നമ്മോട് പറയുകയാണ് ഈ സംഭവം. എസ്എഫ്ഐ പ്രവർത്തകൻ ക്രമക്കേടുകാട്ടി എന്ന് റിപ്പോർട്ട് ചെയ്തതിന് അധ്യാപകനെ ട്രാൻസ്ഫർ ചെയ്യാൻ മുന്നിട്ടിറങ്ങുന്നത് സിപിഎമ്മിന്റെ എംഎൽഎമാരായ നേതാക്കൾ ഉൾപ്പെടെയാണ്. കോപ്പിയടി പിടിച്ചതിന് പാർട്ടി ഓഫീസിലിരുന്ന് ഗൂഢാലോചന നടത്തി അധ്യാപകനെതിരെ വ്യാജ പീഡന പരാതി നൽകുന്നു, വസ്തുതകൾ ഒന്നും തന്നെ പരിശോധിക്കാതെ ഉദ്യോഗസ്ഥർ അധ്യാപകനെതിരെ നടപടിയെടുക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ എങ്ങനെയാണ് ഇടതുപക്ഷം തകർത്തെറിയുന്നത് എന്ന് മനസ്സിലാക്കാൻ ഇതിലും നല്ല ഉദാഹരണമില്ല. ഓരോ ക്യാമ്പസിലും ഇതുപോലുള്ള എസ്എഫ്ഐക്കാരും അവർക്ക് കുടപിടിക്കുന്ന പാർട്ടി സംവിധാനങ്ങളും ഉള്ളതുകൊണ്ട് തന്നെയാണ് ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിട്ട് പുറത്തേക്ക് പോകുന്നത്.
വ്യാജ പരാതിയിൽ മനംനൊന്ത് ഈ അധ്യാപകൻ ജീവൻ ഒടുക്കിയിരുന്നെങ്കിലോ? സിപിഎമ്മിന്റെ വ്യാജ ആരോപണങ്ങളിൽ ജീവനൊടുക്കിയവരുടെ ലിസ്റ്റിൽ ഒരാൾ കൂടി കൂടുതലായേനെ എന്നല്ലാതെ മറ്റൊന്നും ഉണ്ടാവാൻ പോകുന്നില്ല. ഇവിടെ 11 വർഷം ഒരാൾ നീതിക്കുവേണ്ടി പോരാടിയത് കൊണ്ട് മാത്രമാണ് സത്യം ഇന്ന് പുറം ലോകം അറിഞ്ഞത്, ആനന്ദ് ഇങ്ങനെ ഒരു പോരാട്ടം നടത്തിയിരുന്നുവെങ്കിൽ പുറംലോകം യാഥാർത്ഥ്യങ്ങൾ ഒന്നും അറിയുക പോലും ചെയ്യുമായിരുന്നില്ല. എങ്ങനെയാണ് സ്വന്തം അധ്യാപകനെതിരെ ഇത്തരത്തിൽ നെറികെട്ട പരാതി നൽകാൻ ആ വിദ്യാർത്ഥിനികൾക്ക് ആയിട്ടുണ്ടാകുക ? സിപിഎം എസ്എഫ്ഐയെ ക്രിമിനലുകളെ നിർമിക്കാനുള്ള സംഘടന ആയിട്ടാണോ കാണുന്നത്? എസ്എഫ്ഐക്കാരും സിപിഎം നേതാക്കളും കൂടി ഈ സംസ്ഥാനത്തെ കലാലയങ്ങളിൽ ഇത്തരത്തിലൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വച്ചിരിക്കുകയാണ്. ഒരു അധ്യാപകന് ഇതാണ് അവസ്ഥയെങ്കിൽ എതിർ ചേരിയിലെ വിദ്യാർത്ഥികളുടെ അവസ്ഥ എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ വ്യാജ പരാതികളും, ക്രമക്കേടുകളും തന്നെയാണ് സംസ്ഥാനത്തുടനീളം എസ്എഫ്ഐയും അവർക്കുവേണ്ടി സിപിഎമ്മും ക്യാമ്പസുകളിൽ നടത്തി പോകുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വന്ന അക്രമത്തിന്റെയും ക്രമക്കേടുകളുടെയും കഥ കേരളം കേട്ടതാണല്ലോ. ഇടിമുറികളും ഭീഷണികളും വ്യാജ പരാതികളും ആയി എസ്എഫ്ഐക്കാരും അവരെ സംരക്ഷിക്കാനായി സിപിഎം നേതാക്കളും ഇടത് അനുകൂല അധ്യാപകരും ഉദ്യോഗസ്ഥരും മുന്നിൽ തന്നെ നിൽക്കുമ്പോൾ എങ്ങനെയാണ് ഈ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുന്നത്? ഈ ചോദ്യത്തിന് മറുപടി നൽകേണ്ടത് വിദ്യാഭ്യാസ വകുപ്പും സിപിഎം എന്ന പാർട്ടിയുമാണ്.