ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. കശ്മീർ തീവ്രവാദ വിമുക്തമാണെന്നാണു സർക്കാർ നേരത്തെ മുതൽ അവകാശപ്പെട്ടിരുന്നത്. പിന്നെങ്ങനെയാണു പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. മാത്രമല്ല എന്തുകൊണ്ടാണു പഹൽഗാമിൽ സുരക്ഷാ ഒരുക്കാതിരുന്നതെന്നും പ്രിയങ്ക ചോദിച്ചു.
2019 ലാണ് ടിആർഎഫ് രൂപീകരിച്ചത്. 2020ൽ അവർ കശ്മീരിൽ ഭീകരവാദം ആരംഭിച്ചു. അതിനുശേഷം ഇതുവരെ 25 ആക്രമണങ്ങൾ നടത്തിയതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നിട്ടുപോലും മൂന്നു വർഷങ്ങൾക്കു ശേഷമാണ് ടിആർഎഫ് ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചതെന്ന് സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം പഹൽഗാമിൽ നിരപരാധികളെ കൊന്നവരെ സൈന്യം വധിച്ചെന്നും ഭീകരരെ വധിച്ചപ്പോൾ എല്ലാവരും സന്തോഷിക്കുമെന്ന് കരുതിയെന്നും എന്നാൽ പ്രതിപക്ഷത്തിന് ദുഃഖമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞതിനു പിന്നാലെയാണു പ്രിയങ്ക ഗാന്ധിയുടെ വിമർശനം.
കൊല്ലപ്പെട്ട ഭീകരർ നിരീക്ഷണത്തിൽ ആയിരുന്നുവെന്നാണ് അമിത്ഷായുടെ മറുപടി. മേയ് 22ന് ഭീകരരെ കുറിച്ച് സൂചന ലഭിച്ചു. സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നിവരെയാണ് വധിച്ചത്. പാക്കിസ്ഥാനിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. പഹൽഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇവർ പല ഗ്രാമങ്ങളിലും അഭയം തേടി. എങ്കിലും ഭീകരരെ സഹായിച്ചവർ നേരത്തേ എൻഐഎയുടെ പിടിയിലായിരുന്നുവെന്നു അമിത് ഷാ പാർലമെന്റിൽ പറഞ്ഞു.
അതുപോലെ ഭീകരരുടെ കൈയ്യിൽ നിന്നും പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും സൈന്യം കൊലപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നത്. ഫൊറൻസിക് പരിശോധനയിൽ ആയുധങ്ങൾ തിരിച്ചറിഞ്ഞു. ഭീകരരെ വധിച്ചപ്പോൾ എല്ലാവരും സന്തോഷിക്കുമെന്ന് കരുതി. പക്ഷേ പ്രതിപക്ഷത്തിനു ദുഃഖമാണെന്നും അമിത് ഷാ പ്രതികരിച്ചു. പഹൽഗാം ആക്രമണത്തിനു പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ താൻ സന്ദർശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയേയും കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ട അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷുഭിതനായി. താങ്കൾക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചകൾ തിങ്കളാഴ്ച ഉച്ചയോടെയാണ് ലോക്സഭയിൽ ആരംഭിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം അതിർത്തി കടക്കുകയോ, പിടിച്ചെടുക്കുകയോ ആയിരുന്നില്ല, പാക്കിസ്ഥാൻ വർഷങ്ങളായി വളർത്തിയ ഭീകര കേന്ദ്രങ്ങളെ ഇല്ലാതാക്കുക, പഹൽഗാമിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.