ടെലിവിഷൻ പരിപാടികളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിശീതമായി വിമർശിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ വീണ്ടും രംഗത്ത്. സംസ്ഥാന ടെലിവിഷൻ അവാർഡ് സമർപ്പണ വേദിയിലാണ് പ്രേംകുമാറിൻറെ അഭിപ്രായ പ്രകടനം. കല കച്ചവടമായി അധ:പതിക്കുന്ന കാലമാണ് ഇതെന്നും കലയുടെ പേരിലുള്ള വ്യാജ നിർമ്മിതികളിലൂടെ സാസ്കാരിക വിഷം മലയാളിയെ തീണ്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രേംകുമാർ പറഞ്ഞു. ഒപ്പം സിനിമകളിൽ വർധിച്ചുവരുന്ന വയലൻസിനെക്കുറിച്ചും അദ്ദേഹം രൂക്ഷമായ വിമർശനം നടത്തി.
“ചില ടിവി പരിപാടികളെക്കുറിച്ച് എന്റെ വ്യക്തിപരമായ വിയോജിപ്പ് ഞാൻ നേരത്തെ അറിയിച്ചിരുന്നു. ആ നിലപാടിൽ നിന്നുകൊണ്ട്തന്നെ ചില കാര്യങ്ങൾ പറയട്ടെ. മലയാളിയുടെ കുടുംബ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന് ടെലിവിഷൻ. ടെലിവിഷൻ കാാഴ്ചകളിൽ നിന്ന് മുക്തമായിട്ടുള്ള ഒരു ജീവിതം മലയാളിക്കില്ലയിപ്പോൾ. ചില പരിപാടികളുടെ ഉള്ളടക്കത്തിലാണ് എൻറെ വിയോജിപ്പ്. ഡിജിറ്റൽ കാലത്ത് മറ്റ് നിരവധി പ്ലാറ്റ്ഫോമുകളും ഉള്ളപ്പോൾ ടെലിവിഷൻ ഉള്ളടക്കം ഒരു നവീകരണത്തിനും ശുദ്ധീകരണത്തിനും വിധേയമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായപ്പെടാനുള്ളത്.”
അതേസമയം വർത്തമാന സിനിമകളിലെ വർധിച്ചുവരുന്ന വയലൻറ് രംഗങ്ങളെക്കുറിച്ച് പ്രേംകുമാർ അഭിപ്രായപ്പെട്ടത് ഇങ്ങനെ- “സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിംഗ് സംവിധാനം ഉണ്ട്. എന്നാൽ ഈയടുത്ത് വയലൻസ് കൊണ്ട് പേരെടുത്ത ചില സിനിമകൾ സെൻസറിംഗ് നേടിയെടുക്കുന്നുണ്ട്. തിരുത്തലുകൾ നിർദേശിക്കാൻ സെൻസറിംഗ് സംവിധാനങ്ങൾ ഉള്ളപ്പോൾത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങൾ, അതിൻറെ പുതിയ ആവിഷ്കരണ രീതികൾ പരീക്ഷിക്കുന്നതിൽ കൗതുകം കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവർത്തകരെക്കുറിച്ച് കൂടിയാണ് ഞാൻ പറയുന്നത്. മനുഷ്യനിലെ വന്യത ഉണർത്തുന്നു ഇത്തരം സിനിമകൾ.”
“എങ്ങനെയാണ് സെൻസറിംഗ് സംവിധാനത്തെ മറികടന്നുകൊണ്ട് ഇത്തരം സൃഷ്ടികൾ പ്രദർശനാനുമതി നേടുന്നത് എന്നതുതന്നെ നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. ചില സിനിമകളെ ഉദേശിച്ചാണ് ഞാൻ പറയുന്നത്. കല പാളിപ്പോയാൽ വലിയ അപചയത്തിലേക്ക് പോകും. എന്നാൽ ടെലിവിഷനിൽ സെൻസറിംഗ് സംവിധാനം ഇല്ലാത്ത അവസ്ഥയിൽ അത് സൃഷ്ടിക്കുന്നവർ തികഞ്ഞ ഉത്തരവാദിത്തവും ഔചിത്യവും പാലിക്കേണ്ടതുണ്ട്. കലയിലൂടെ സന്ദേശം നൽകണം എന്നില്ല. സന്ദേശം നൽകുന്നുണ്ടെങ്കിൽ അത് നന്മയുടേതാകണം”, പ്രേംകുമാർ പറഞ്ഞു.
ടെലിവിഷൻ പരിപാടികളിലെ ശുദ്ധീകരണവും നവീകരണവും ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി ഇടപെടുമെന്നും പ്രേംകുമാർ പറഞ്ഞു. “സിനിമാ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. പുതിയ തലമുറയെക്കുറിച്ച് അക്കാദമിക്ക് ആശങ്കയുണ്ട്. പല ഉള്ളടക്കങ്ങളും റേഡിയേഷൻ പോലെയാണ്”, പ്രേംകുമാർ കൂട്ടിച്ചേർത്തു. സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി മികച്ചതുമായിരിക്കണം ടെലിവിഷൻ പരിപാടികളെന്ന് മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു.