ജയ്പുർ: ഐപിഎൽ 18–ാം സീസണിലെ പഞ്ചാബ് ഡൽഹി മത്സരത്തിൽ തേഡ് അംപയറിന് വൻ പിഴവ് സംഭവിച്ചെന്ന ആരോപണവുമായി പഞ്ചാബ് കിങ്സ് ടീം ഉടമ പ്രീതി സിന്റ രംഗത്ത്. പഞ്ചാബ് കിങ്സ് ബാറ്റു ചെയ്യുന്നതിനിടെ ടീമിന് അർഹിച്ച ഒരു സിക്സ് തേഡ് അംപയർ അനുവദിച്ചില്ലെന്ന് മത്സരശേഷം പ്രീതി സിന്റ ആരോപിച്ചു. മത്സര സമയത്തു ബൗണ്ടറി ലൈനിനു സമീപം ഫീൽഡ് ചെയ്തിരുന്ന കരുൺ നായരുമായി മത്സരശേഷം സംസാരിച്ചപ്പോൾ അത് സിക്സറാണെന്ന് അവരും സമ്മതിച്ചതായും പ്രീതി സിന്റ വെളിപ്പെടുത്തി. എക്സിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് പ്രീതി സിന്റയുടെ ആരോപണം. അതേസമയം മത്സരത്തിൽ പഞ്ചാബിനെ ഡൽഹി ആറു വിക്കറ്റിന് തോൽപ്പിച്ചിരുന്നു.
‘‘ഇതുപോലെ സുപ്രധാനമായ ഒരു ടൂർണമെന്റിൽ, അതും അത്യാധുനികമായ സാങ്കേതിക വിദ്യകളുടെ സഹായമുള്ളപ്പോൾ തേഡ് അംപയറിനു സംഭവിച്ച ആ പിഴവ് അംഗീകരിക്കാനാകില്ല. അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. മത്സരത്തിനു ശേഷം ഞാൻ കരുണുമായി സംസാരിച്ചിരുന്നു. അത് തീർച്ചയായും സിക്സറാണെന്നാണ് കരുൺ എന്നോട് പറഞ്ഞത്.’ – പ്രീതി സിന്റ് എക്സിൽ കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യുകയായിരുന്നു പഞ്ചാബ് ഇന്നിങ്സിലെ 15–ാം ഓവറിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. മോഹിത് ശർമ എറിഞ്ഞ ഓവറിലെ അവസാന പന്ത് ശശാങ്ക് സിങ് ലോങ് ഓണിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ചു, ബൗണ്ടറിയോട് ചേർന്നു ഫീൽഡ് ചെയ്യുകയായിരുന്ന കരുൺ നായർ ഉയർന്നുചാടി പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും, ബാലൻസ് നഷ്ടപ്പെടുമെന്ന് തീർച്ചപ്പെടുത്തിയതോടെ പന്ത് ഗ്രൗണ്ടിലേക്ക് എറിഞ്ഞു. പിന്നീടു ബൗണ്ടറിലൈനിനപ്പുറത്തേക്ക് ചാടിയ കരുൺ പന്ത് സിക്സറാണെന്ന് ഇരു കയ്യും ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഗ്രൗണ്ടിൽ തിരിച്ചെത്തി പന്തെടുത്ത് പിച്ചിലേക്ക് എറിഞ്ഞത്.
പിന്നീട്, പന്ത് സിക്സാണോ എന്ന കാര്യത്തിൽ ഉടലെടുത്ത ആശയക്കുഴപ്പം തീർക്കാൻ അംപയർമാർ തേഡ് അംപയറിന്റെ സഹായം തേടി. വിശദമായ പരിശോധനയ്‌ക്കൊടുവിൽ പന്ത് കയ്യിലുള്ള സമയത്ത് കരുണിന്റെ കാൽ ബൗണ്ടറിയിൽ തട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തേഡ് അംപയർ സിക്സ് നിഷേധിച്ചു. ഇതോടെ പഞ്ചാബ് ഒറ്റ റൺ മാത്രമേ നേടാനായുള്ളു. ഫീൽഡ് ചെയ്തിരുന്ന കരുൺ തന്നെ സിക്സറാണെന്ന സമ്മതിച്ച പന്തിൽ തേഡ് അംപയർ വിപരീത തീരുമാനമെടുത്തത് മത്സരത്തിനിടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ മത്സരത്തിൽ പഞ്ചാബ് തോൽക്കുക കൂടി ചെയ്തതോടെയാണ് പ്രീതി സിന്റ വിഷയം എക്സിൽ പോസ്റ്റ് ചെയ്ത് ചർച്ചയാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി ലക്ഷ്യം കണ്ടത്. അർധ സെഞ്ചുറിയുമായി ഡൽഹിയെ വിജയത്തിലേക്കു നയിച്ച യുവതാരം സമീർ റിസ്‌വിയാണ് (25 പന്തിൽ 58 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്.
We’re so lucky to have Preity Zinta as our owner..🙌 https://t.co/tMfFXZGRmq
— Harish (@harish_484) May 24, 2025