കെന്നിങ്ടൺ: ഓവൽ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിനിടെ ഏറെ ചർച്ചയായതായിരുന്നു ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലീഷ് താരം ജോ റൂട്ടും തമ്മിലുണ്ടായ വാക്കുതർക്കം. അന്നു തർക്കം അതിന്റെ അതിർ വരമ്പ് കടന്നതോടെ അമ്പയർമാരടക്കമുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പക്ഷെ ആ വഴക്കിനെ അധികം വലിച്ചുനീട്ടാതെ രമൃതയിൽ അവസാനിപ്പിച്ചിരിക്കുകയാണ് റൂട്ടും പ്രസിദ്ധും, നാലാം ദിനത്തിലെ മത്സരത്തിനിടെ ഇരുവരുടെയും ഇടപെടൽ സൗഹാർദപരമായിരുന്നു. നാലാം ദിനം ബെൻ ഡക്കറ്റിനെ പ്രസിദ്ധ് പുറത്താക്കിയതിനു പിന്നാലെ ക്രീസിലേക്കെത്തിയത് റൂട്ടായിരുന്നു. പ്രസിദ്ധിന്റെ ആദ്യ പന്തിൽത്തന്നെ റൂട്ട് സിംഗിൾ എടുത്തു. റൂട്ട് റൺ പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷമാണ് പ്രസിദ്ധ് തന്റെ ബൗളിങ് മാർക്കിലേക്ക് നടന്നത്. ഇതോടെ ഇരുവരും തമ്മിൽ കളത്തിൽ ഉടലെടുത്ത പ്രശ്‌നം കളത്തിൽ തന്നെ തീർത്തുവെന്നായി ആരാധകർ.
അതേസമയം രണ്ടാംദിവസത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 22-ാം ഓവറിലായിരുന്നു റൂട്ടും പ്രസിദ്ധും ഉടക്കിയത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്തിൽ റൂട്ടിന് റണ്ണെടുക്കാൻ സാധിച്ചില്ല. പിന്നാലെ പ്രസിദ്ധ് റൂട്ടിനെ നോക്കി എന്തോ ചിലത് പറഞ്ഞു. റൂട്ടും താരത്തിന് മറുപടി നൽകി. അടുത്ത പന്തിൽ റൂട്ട് ഫോറടിക്കുകയും ചെയ്തു. ശേഷം താരങ്ങൾ നേർക്കുനേർ നിന്ന് വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ അമ്പയർമാരായ അഹ്സാൻ റാസയും കുമാർ ധർമസേനയും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പിന്നാലെ രണ്ടാം ദിനത്തിലെ മത്സരത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ റൂട്ടുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് പ്രസിദ്ധ് പ്രതികരിച്ചിരുന്നു. ”ബൗൾ ചെയ്യുമ്പോൾ ബാറ്റർമാരുമായി സംസാരിക്കുന്നത് എന്റെ രീതിയാണ്. അവരെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചിട്ടുമുണ്ട്. അതുപോലെ റൂട്ടിനെയും വാക്കുകൾ കൊണ്ട് പ്രകോപിപ്പിക്കുക എന്നതായിരുന്നു പ്ലാൻ. അതുകൊണ്ടാണ് തുടക്കത്തിൽ എന്റെ പന്തുകൾ കളിക്കാൻ ജോ റൂട്ട് ബുദ്ധിമുട്ടിയപ്പോൾ നന്നായി കളിക്കുന്നുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞത്. എന്നാൽ, അതിനോട് റൂട്ട് പ്രതികരിച്ച രീതി എന്നെ അമ്പരപ്പിച്ചു.
ജോ റൂട്ട് ടെസ്റ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്. അദ്ദേഹത്തെ എനിക്കിഷ്ടമാണ്. ഗ്രൗണ്ടിന് പുറത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്”, പ്രസിദ്ധ് പറഞ്ഞു. രണ്ട് താരങ്ങൾ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്ന ചെറിയൊരു കാര്യം മാത്രമാണ് അവിടെ സംഭവിച്ചതെന്നും താരം അന്നു പറഞ്ഞിരുന്നു.