ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി”യിലെ നായികയായി ഭൂമി ഷെട്ടി. ചിത്രത്തിലെ നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്ത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.
ചിത്രത്തിൻറെ 50% ചിത്രീകരണം ഇതിനോടകം പൂർത്തിയായി. ഇപ്പോൾ ഹൈദരാബാദിൽ പ്രത്യേകമായി നിർമ്മിച്ച ഒരു വമ്പൻ സെറ്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കഥയുടെ ആധികാരികതയും സത്തയും ഉൾക്കൊള്ളുന്ന രീതിയിൽ, ഒരു പുതുമുഖത്തെ നായികയായി അവതരിപ്പിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് “മഹാകാളി” ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സ്റ്റീരിയോടൈപ്പുകൾ തകർത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്.
കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. മഹാകാളിയുടെ ആദ്യ രൂപം അതിൻറെ ദൈവിക തീവ്രതയും സൌന്ദര്യവും കൊണ്ട് തൽക്ഷണം ശ്രദ്ധ ആകർഷിക്കുന്നു. ജ്വലിക്കുന്ന ചുവന്ന നിറം, ആഴത്തിലുള്ള സ്വർണ്ണം എന്നിവയുടെ ഷേഡുകളിൽ ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭൂമി ഷെട്ടിയെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ദേവിയുടെ സത്തയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രതീകാത്മക ശക്തി, ഈ ലുക്കിലൂടെ ഭൂമി ഷെട്ടിയിൽ കാണാൻ സാധിക്കും. പരമ്പരാഗത ആഭരണങ്ങളും പവിത്രമായ അടയാളങ്ങളും കൊണ്ട് അലങ്കരിച്ച നായികയുടെ രൂപവും അവളുടെ തുളച്ചുകയറുന്ന നോട്ടവും, മഹാകാളിയുടെ ശാശ്വതമായ ദ്വൈതതയുടെ നാശത്തെയും പുനർജന്മത്തെയും പ്രതീകപ്പെടുത്തുന്ന കോപവും കൃപയും ആണ് കാണിച്ചു തരുന്നത്.
ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമ്മയുടെ എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് ‘മഹാകാളി’യുടെ പോസ്റ്റർ പുറത്തു വിട്ടത്. “ഫ്രം ദ യൂണിവേഴ്സ് ഓഫ് ഹാനുമാൻ” എന്ന ടാഗ്‌ലൈൻ, ഈ യൂണിവേഴ്സിലെ ആഖ്യാനത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുക മാത്രമല്ല, വിശ്വാസത്തിൽ വേരൂന്നിയതും ആധുനിക സിനിമാ രംഗത്തിനായി രൂപകൽപ്പന ചെയ്തതുമായ ഇന്ത്യയുടെ സ്വന്തം പുരാണ സൂപ്പർഹീറോ യൂണിവേഴ്സിനെ കുറിച്ചുള്ള വലിയ പ്രതീക്ഷകൾ സൃഷ്ടിക്കുന്ന ഒരു പുരാണ ക്രോസ്ഓവർ വാഗ്ദാനം ചെയ്യുക കൂടിയാണ് ചെയ്യുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.
രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .












































