തിരുവനന്തപുരം: സംസ്ഥാനം ഇന്ന് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നടത്തിയിട്ട് മണിക്കൂറുകളെ ആയുള്ളു. അത് ആഘോഷപൂർവം പ്രഖ്യാപിക്കുന്ന സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിക്കരുകിൽ മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ് പേരൂർക്കട സ്വദേശി എസ്.വിജയമ്മ രാവിലെ തന്നെ എത്തി. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കണ്ട് കൈയിൽ കരുതിയിരിക്കുന്ന പരാതി നൽകാൻ കഴിയുമോ എന്നതാണ് ലക്ഷ്യം.
ഭർത്താവും മകനും മരിച്ചുവെന്നും അതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കണ്ണീരോടെയാണ് അവർ പറഞ്ഞത്. ആരോഗ്യസ്ഥിതി മോശമായതോടെ താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. അടച്ചുപൂട്ടുള്ള ഒരു മുറി വീട് എന്ന സ്വപ്നമാണ് അവർക്കുള്ളത്. ഒരുതുണ്ട് ഭൂമി ആവശ്യപ്പെട്ട് പല തവണ പരാതികൾ നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വിജയമ്മ പറഞ്ഞു.
ഇക്കാര്യം കാട്ടി ജില്ലാ കലക്ടർക്കും കോർപ്പറേഷനുമൊക്കെ പരാതി കൊടുത്തിട്ടും ഫലമുണ്ടാകാത്തതു കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിട്ടു കാണാൻ അവസരം ലഭിക്കുമെന്നു കരുതി വിജയമ്മ നേരത്തേ തന്നെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന വേദിയിൽ എത്തി കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയെത്തിയാൽ കാണാനാകുമോയെന്നൊന്നും ആ പാവത്തിനറിയില്ല, എങ്കിലും ഒരു പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് അവർ.


















































