ബെംഗളൂരു: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണ, ഭൂമി ഇടപാടുകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ കേട്ടു ഞെട്ടിയിരിക്കുകയാണ് ശ്രീരാംപുര നിവാസികൾ. എല്ലാവരോടും ശാന്തമായും സരസമായുമാണു സംസാരിച്ചിരുന്നത്. 20 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. പരിചയക്കാരിൽ നിന്നു ചെറു തുകകൾ കടം വാങ്ങി ജീവിക്കുന്ന സാധു അതായിരുന്നു പരിചയക്കാർക്കിടയിൽ പോറ്റിയുടെ മേൽവിലാസം.
ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താസിച്ചിരുന്ന വീടിന് എതിർഭാഗത്തെ കോത്താരി മാൻഷൻ അപ്പാർട്മെന്റിലെ ഫ്ലാറ്റിലേക്ക് 2004ൽ പോറ്റി മാറിയത്. തുടർന്നായിരുന്നു രണ്ടാം വിവാഹം. ആദ്യഭാര്യയുടെ മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്നും പുറത്തായി. പിന്നാലെ ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമിയായി. ഈ മേൽവിലാസത്തിലാണു ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവ്. രണ്ടാം ശബരിമല എന്നറിയപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈ സ്മാർട് ക്രിയേഷൻസിലായിരുന്നു. 2019 മാർച്ചിൽ ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശി സമർപ്പിച്ച ശേഷമായിരുന്നു ഇത് നടന്നത്.
അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പിൽ 576 ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വർണത്തിൽ ഇനിയും ഏറെ കണ്ടെത്താനുണ്ട്. പോറ്റിയുമായി ബെംഗളൂരുവിലും ബെള്ളാരിയിലും ചെന്നൈയിലുമായി നടത്തിയ തെളിവെടുപ്പിനുശേഷം അന്വേഷണസംഘം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇന്നലെ തിരികെയെത്തി. ഇനി ശബരിമലയിൽ തെളിവെടുപ്പു നടത്തിയ ശേഷം രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കൂടാതെ കണ്ടെടുത്ത സ്വർണമടക്കം അന്വേഷണ പുരോഗതി റിപ്പോർട്ടും ഉടൻ കോടതിയിൽ ഹാജരാക്കും.

















































