ഒരുപക്ഷെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ കേരളക്കര ഏറെ ചർച്ച ചെയ്തത് ദിവ്യ ജോണിയെന്ന 22 കാരിയുടെ വെളിപ്പെടുത്തലോടു കൂടിയാകും. തന്റെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുമ്പോൾ തനിക്കുണ്ടായിരുന്ന മാനസീകാവസ്ഥ അവർ സമൂഹമാധ്യമങ്ങൾക്കു മുൻപിൽ പങ്കുവച്ചതോടെയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നത് എത്ര ഭീകരമാണെന്ന് പലരും തിരിച്ചറിഞ്ഞത്. അതുവരെ മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ എന്ന മേൽവിലാസമായിരുന്നു ദിവ്യയ്ക്ക്. എന്നാൽ ദിവ്യ തന്റെ ജീവിതം തുറന്നുപറഞ്ഞപ്പോൾ ആ വെറുപ്പ് സഹതാപമായി, സ്‌നേഹമായി. അതിനേക്കാളുപരി പ്രസവാനന്തരം സ്ത്രീകൾക്ക് സംഭവിക്കാൻ സാധ്യതയുള്ള ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന മാനസികാവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കമിടാൻ ദിവ്യയ്ക്ക് സാധിച്ചു.
എന്നാൽ ആ വെളിപ്പെടുത്തൽ നടത്തിയ യുവതി മരണത്തിനു കീഴടങ്ങിക്കഴിഞ്ഞു. സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ കുത്തുവാക്കുകളും മാനസികപീഡനവും, അതിലുപരി താൻ ചെയ്ത തെറ്റിന്റെ കുറ്റബോധവും ദിവ്യയെ വേട്ടയാടിയിരുന്നു. കാലക്രമേണ അതിനെയെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ദിവ്യ മരണത്തിന് മുന്നിൽ കീഴടങ്ങിയെന്ന വാർത്തയാണ്പിന്നീട് പുറത്തുവന്നത്.
കണ്ണൂരിലെ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് അറിയുന്നത്. സംഭവത്തിൽ ആലക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയെ ദിവ്യ വിവാഹം ചെയ്തത്. ബിരുദാനന്തര ബിരുദത്തിന് ശേഷം പ്രണയിച്ച വ്യക്തിക്കൊപ്പം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാൽ, ഭർതൃവീട്ടിൽ കടുത്ത മാനസികപീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. ഗർഭിണി ആയപ്പോഴും ഒരു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോഴും ജീവിതത്തെ പ്രതീക്ഷാപൂർവം തന്നെയാണ് ദിവ്യ കണ്ടത്. എന്നാൽ, കുഞ്ഞുമായി പ്രസവത്തിന്റെ നാലാം ദിവസം ഭർതൃഗൃഹത്തിലേക്ക് എത്തിയപ്പോൾ ദിവ്യയോടുള്ള സമീപനത്തിൽ അവർക്ക് മാറ്റമുണ്ടായില്ല. പോസ്റ്റ്പാർട്ടം ഡിപ്രഷൻ അതിന്റെ മൂർധന്യാവസ്ഥയിലെത്തിയപ്പോൾ ദിവ്യയുടെ മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടു. ആദ്യം കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു. പിന്നീട് മനസ്സുമാറിയപ്പോൾ അതിൽനിന്ന് പിൻമാറി. എന്നാൽ, മനസ്സ് വീണ്ടും കൈവിട്ടപ്പോൾ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് ദിവ്യ കുഞ്ഞിനെ കൊലപ്പെടുത്തി.
ഈ സംഭവം നടക്കുന്നത് ദിവ്യയുടെ കുണ്ടറയിലെ വീട്ടിൽവച്ചായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ പിതാവ് ജോണി ദിവ്യയെ അന്വേഷിച്ചപ്പോൾ കിടപ്പുമുറി അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. ഒരുപാട് തവണ മുട്ടിയെങ്കിലും വാതിൽ തുറന്നില്ല. ഒടുവിൽ പിതാവിന്റെ നിർബന്ധം സഹിക്കാനാകാതെ വന്നപ്പോൾ ദിവ്യ വാതിൽ തുറന്നു. മുറക്കകത്ത് പ്രവേശിച്ചപ്പോൾ അനക്കമില്ലാതെ കിടക്കുന്ന പേരക്കുട്ടിയെയാണ് ജോണി അവിടെ കണ്ടത്. ഉടൻതന്നെ കുഞ്ഞിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന ദുഃഖവാർത്തയാണ് ആ കുടുംബത്തെ തേടിയെത്തിയത്.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തു. ചികിത്സയ്ക്ക് വിധേയയാക്കിയപ്പോൾ കടുത്ത പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് മാനസിക വിദഗ്ധരും വിലയിരുത്തി. ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

സമാനമായ വാർത്തയാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നിന്ന് വന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിൻറെ നിർത്താതെയുള്ള കരച്ചിൽ സഹിക്കാനാവാതെ അമ്മ കുഞ്ഞിനെ വാട്ടർടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കരിഷ്മ ബാഗേലെന്ന 22കാരിയാണ് സ്വന്തം കുഞ്ഞിനെ എറിഞ്ഞ് കൊന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് രാപ്പകലില്ലാതെ കരഞ്ഞതോടെ അസ്വസ്തത തോന്നി വകവരുത്താൻ യുവതി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആരുമില്ലാത്ത നേരം നോക്കി കുഞ്ഞിനെ വീടിനടുത്തെ ഭൂഗർഭ ജലസംഭരണിയിലേക്ക് എറിഞ്ഞു.
ഭർത്താവ് വീട്ടിലെത്തിയപ്പോൾ മകൻ ഖയാലിനെ കാണാനില്ലെന്ന് പറഞ്ഞു. മകനെ കട്ടിലിൽ കിടത്തി താൻ ശുചിമുറിയിലേക്ക് പോയതാണെന്നും തിരികെ വന്നപ്പോൾ കാണുന്നില്ലെന്നുമായിരുന്നു യുവതി പറഞ്ഞത്. ഇതോടെ ഭർത്താവും കുടുംബാംഗങ്ങളും വീടിനുള്ളിലും പരിസരത്തും കുഞ്ഞിനായി തിരഞ്ഞുവെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് ആവർത്തിച്ച് ചോദിച്ചിട്ടും കുഞ്ഞ് എവിടെ എന്നതിനു യുവതി വ്യക്തമായ മറുപടി നൽകിയില്ല. വീടും പരിസരവും അരിച്ചുപെറുക്കിയ പോലീസ് ജലസംഭരണിയിൽ നിന്നും കുഞ്ഞിൻറെ ജഡം കണ്ടെത്തുകയായിരുന്നു. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് എത്തിപ്പെടാൻ പറ്റാത്ത രീതിയിലാണ് ജലസംഭരണി വച്ചിരുന്നതെന്നതിനാൽ കൊലപാതകമാണെന്ന സംശയം ഉടലെടുത്തു. വീണ്ടും ചോദ്യം ചെയ്തതോടെ കരച്ചിൽ സഹിക്കാൻ കഴിയാതെ താൻ വലിച്ചെറിഞ്ഞതാണെന്ന് യുവതി കുറ്റസമ്മതം നടത്തി. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അതേസമയം ഗർഭിണിയായ സമയം മുതൽ കരിഷ്മ മാനസികമായും ശാരീരികമായും അസ്വസ്ഥതയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കുഞ്ഞ് നിരന്തരം കരയുന്നത് കരിഷ്മയെ സാരമായി അസഹ്യപ്പെടുത്തിയിരുന്നുവെന്നും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ചോദ്യം ചെയ്തപ്പോഴെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് കരിഷ്മ നൽകിയത്. കുഞ്ഞിനെ മുറിയിൽ കിടത്തിയ ശേഷം ശുചിമുറിയിൽ പോയെന്നും തിരികെ വന്നപ്പോൾ മുതൽ കുഞ്ഞിനെ കാണുന്നില്ലെന്നുമായിരുന്നു യുവതി ആദ്യം പറഞ്ഞത്.
ഐസിയുവില്‍ കഴിയുന്നതിനിടെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു, പരാതിയുമായി എയര്‍ഹോസ്റ്റസ്