തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ അപകീർത്തി പരാമർശം നടത്തിയ കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്സ് ബോർഡുകളും. സ്ത്രീകൾക്കെതിരെ അപകീർത്തി പരാമർശം നടത്തുന്ന ഷാജഹാന്റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാൻ സാമൂഹ്യ വിപത്ത് എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഷാജഹാന്റെ വീടിനു സമീപമാണ്, ചെറുവയ്ക്കൽ ജനകീയ സമിതി എന്ന സംഘടനയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ഷൈനിനെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ഐഫോൺ പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് ഇന്നു പുലർച്ചെ വീടിനു മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.ജെ. ഷൈനിനെതിരെയും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണനെതിരെയും സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള സൈബർ ആക്രമണം നടന്നത്. ഇതിനെതിരെ ഷൈൻ പോലീസിന് നൽകിയ പരാതികളിൽ രണ്ടാം പ്രതിയാണ് ഷാജഹാൻ.
സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ ഷാജഹാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പ്രദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണനും ഇന്ന് അന്വേഷണ സംഘത്തിനു മുൻപിൽ ഹാജരായേക്കും.