ന്യൂഡൽഹി: ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാനൊരുങ്ങി ലോകം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വത്തിക്കാനിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. അതേസമയം സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദർശനം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം മാർപ്പാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വത്തിക്കാനിലെത്തിച്ചേർന്നിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക.
ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെ ആഗോള കത്തോലിക്കാ സഭയെ നയിച്ചാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്. അർജൻറീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനിച്ച അദ്ദേഹത്തിൻ്റെ യഥാർത്ഥ നാമം ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു. 1958 ൽ ഈശോ സഭയിൽ ചേർന്നു. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാളായി. 2013 മാർച്ച് 13 ന് മുൻ മാർപ്പാപ്പ ബെനഡിക്ട് 16-ാമന്റെ അനാരോഗ്യത്തെ തുടർന്ന് മാർപാപ്പ പദവിയിലെത്തി.
അതേസമയം കത്തോലിക്കാ സഭയുടെ 266-ാമത്തെയും ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പയുമായിരുന്നു അദ്ദേഹം. കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ വത്തിക്കാൻ സർക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചു. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹം, വൈദികരുടെ ബാലപീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയിൽ സ്ത്രീകളോടുള്ള സമീപനത്തിൽ പരമ്പരാഗത നിലപാട് അദ്ദേഹം തുടർന്നു. മുൻഗാമികളിൽ നിന്ന് മാറി സഞ്ചരിച്ച് സ്വവർഗാനുരാഗികളും ദൈവത്തിൻറെ മക്കളെന്ന് വിളിച്ച മാർപാപ്പ, ലോകമാകെ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർക്ക് പ്രത്യാശയുടെ വെളിച്ചമായിരുന്നു.
13ാം നൂറ്റാണ്ടിൽ സെൻറ് ഫ്രാൻസിസ് അസീസിക്ക് ലഭിച്ച ദൈവീകസന്ദേശം “പോവൂ… എൻെറ വീട് പുനർനിർമിക്കൂ” എന്നാണെന്നാണ് വിശ്വാസം. അതേ പാത പിന്തുടരുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഏകദേശം 12 വർഷം കത്തോലിക്കാസഭയെ നയിച്ച അദ്ദേഹം നടത്തിയത് അക്ഷരാർത്ഥത്തിൽ ഒരു ‘വീട് പുനർനിർമ്മിക്കൽ’ തന്നെയായിരുന്നു. “ജനലുകൾ തുറക്കൂ… അൽപം ശുദ്ധവായു കടക്കട്ടെ” എന്ന് കത്തോലിക്കാസഭാ വിശ്വാസികളോട് 1962-ൽ ആഹ്വാനം ചെയ്ത ജോൺ 23-ാമൻ മാർപാപ്പയെ മാതൃകയാക്കാനാണ് ബർഗോളിയോ ശ്രമിച്ചത്. തീവ്ര മുതലാളിത്ത വ്യവസ്ഥയെ എതിർത്ത ഫ്രാൻസിസ് മാർപാപ്പ ലാളിത്യം കൊണ്ട് സഭാവിശ്വാസികൾക്ക് വലിയ സന്ദേശം പകർന്നുനൽകി. എല്ലാത്തിനും മുകളിലാണ് തങ്ങളെന്ന അഹന്തയല്ല പുരോഹിതർക്ക് വേണ്ടതെന്നും ദരിദ്രരായ മനുഷ്യരുടെ അടുത്തേക്ക് ചെല്ലണമെന്നും ആഹ്വാനം ചെയ്തു. പാവങ്ങളിൽ പാവങ്ങളുടേതാവണം പള്ളികളെന്നും വിശ്വാസികൾക്ക് ശുശ്രൂഷ നൽകുന്ന ആതുരാലയങ്ങളാവണം പള്ളികളെന്നും അദ്ദേഹം പറഞ്ഞു.