തിരുവനന്തപുരം:ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്തിയെന്നു സൂചന. പുതിയ ചെയർമാനായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങിൽനിന്ന് നടൻ പ്രേംകുമാർ വിട്ടുനിന്നു. അതേസമയം ഇന്നു രാവിലെ അക്കാദമി ആസ്ഥാനത്തെത്തി റസൂൽ പൂക്കുട്ടി ചുമതലയേറ്റു. രാത്രി എട്ടുമണിക്കാണ് ഉത്തരവിനെക്കുറിച്ച് അറിയിപ്പു കിട്ടിയതെന്നും മറ്റൊന്നും അറിയില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
തന്നെ എൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രേംകുമാർ പറഞ്ഞു. പല വിഷയങ്ങളിലും കലാകാരൻ എന്ന നിലയിൽ സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാറുണ്ടെന്നും ദോഷകരമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ലെന്നും പ്രേംകുമാർ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് 3ന് പ്രഖ്യാപിക്കാനിരിക്കെയാണ് ചെയർമാൻ സ്ഥാനത്തുനിന്ന് പ്രേംകുമാറിനെ നീക്കിയത്. ഇതിനിടെ ആശാ സമരത്തിന് അനുകൂലമായി പ്രേംകുമാർ പ്രസ്താവന നടത്തിയതാണ് സ്ഥാനചലനത്തിനു കാരണമെന്നും സൂചനയുണ്ട്.


















































