കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ‘പെരിയാർ’ മെൻസ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുൻകൂട്ടി പോലീസിനെ വിവരം അറിയിച്ചത് കോളേജ് പ്രിൻസിപ്പൽ. ഹോളി ദിവസം അനിയന്ത്രിത ലഹരിമരുന്ന് ഉപയോഗമുണ്ടാവുമെന്ന് കൊച്ചി ഡിസിപിക്ക് പ്രിൻസിപ്പൽ നൽകിയ കത്ത് പുറത്തുവന്നു. ക്യാംപസിന് അകത്തും പുറത്തും നിരീക്ഷണം ശക്തമാക്കണമെന്ന് പ്രിൻസിപ്പൽ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കഞ്ചാവുമായി വിദ്യാർഥികൾ പിടിയിലാകുന്നതിന്റെ തലേദിവസം ബുധനാഴ്ചയാണ് പ്രിൻസിപ്പൽ ഡോ. ഐജു തോമസ് ഡിസിപിക്കു കത്തുനൽകിയത്. വെള്ളിയാഴ്ച ഉച്ചമുതൽ ഹോളി ആഘോഷിക്കുവാൻ കോളേജിലെ വിദ്യാർഥികൾ തീരുമാനിച്ചതായി കത്തിൽ പറയുന്നു. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാർഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗമുണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് വിവരമുണ്ട്. വിദ്യാർഥികൾ പണപ്പിരിവ് നടത്തുന്നുണ്ട്. അതിനാൽ കാംപസിനുള്ളിൽ പോലീസ് സാന്നിധ്യമുണ്ടാവണം. നിരീക്ഷണം ശക്തമാക്കണം. ക്യാംപസിന് പുറത്തും ഹോസ്റ്റൽ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ ഇടപെടൽ നടത്തണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
അതേസമയം, 1.9 കിലോ കഞ്ചാവുമായി പിടിയിലായ ആകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂർവ വിദ്യാർഥികളായ മറ്റു രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലുവ സ്വദേശി ആഷിക്കിനേയും കൂടെയുണ്ടായിരുന്ന മറ്റൊരാളേയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവരാണ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ.