കോട്ടയം: കഠിനംകുളത്ത് ആതിരയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതിയായ ജോൺസൺ പോയത് ഹോംനഴ്സായി ജോലി ചെയ്ത കുറിച്ചിയിലെ വീട്ടിൽ. വീട്ടുകാർക്ക് ഇയാൾ യുവതിയെ കൊലപ്പെടുത്തിയിട്ട് വന്നതാണെന്ന വിവരം അറിയില്ലായിരുന്നു. വസ്ത്രം എടുക്കാനെന്നു പറഞ്ഞാണ് എത്തിയതെങ്കിലും ഇവിടെ തങ്ങി. എന്നാൽ ഇയാൾ നേരത്തേ ജോലി ചെയ്ത സ്ഥലങ്ങൾ പരിശോധിച്ച പോലീസിനു കുറിച്ചിയിലെ വീടിനെക്കുറിച്ചും വിവരം ലഭിച്ചു. തുടർന്ന് ചിങ്ങവനം പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും അന്വേഷണസംഘം ഫോൺ ട്രാക്ക് ചെയ്താണ് ഇയാൾ കോട്ടയത്തുണ്ടെന്നു സ്ഥിരീകരിച്ചതും വിവരം കൈമാറിയതും.
പിടികൂടുമെന്നറിഞ്ഞതോടെ രാവിലെ വിഷം കഴിച്ചു എന്ന് ഇയാൾ പോലീസിനോട് പറഞ്ഞത്. തുടർന്നു പരിശോധനയ്ക്കായി ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണു വിവരം.
ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. ആതിരയുമായി ജോൺസന് ഒരു വർഷത്തോളമായി അടുപ്പമുണ്ടായിരുന്നു. ഭാര്യുമായി പിരിഞ്ഞ പ്രതി ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാൻ നിർബന്ധിച്ചു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിനു 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി.
5 മാസത്തിനിടെ പലതവണ കഠിനംകുളത്ത് ഇയാൾ വന്നിരുന്നു. കൊലപാതകത്തിനു 5 ദിവസം മുൻപു പെരുമാതുറയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ച പ്രതി, കൊലയ്ക്കു ശേഷം മുറിയൊഴിഞ്ഞു. പിന്നീട് ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. 7 മാസം മുൻപ് ജോൺസനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭർത്താവ് രാജേഷ് കഴിഞ്ഞ ദിവസം പോലീസിനോടു വെളിപ്പെടുത്തി.
കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ്, കായംകുളം സ്വദേശിയായ ആതിരയെ ഭർതൃവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.