മുംബൈ: മഹാരാഷ്ട്രയിൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായി ആത്മഹത്യചെയ്ത വനിതാ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽവിവരങ്ങൾ പുറത്ത്. ആദ്യം കൈവെള്ളയിലെഴുതിയ ആത്മഹത്യാക്കുറിപ്പിന് പുറമേയാണ് ഡോക്ടർ എഴുതിവെച്ച നാലുപേജുള്ള കുറിപ്പും കണ്ടെടുത്തത്.
ഇതിൽ പോലീസ് സബ് ഇൻസ്‌പെക്ടറായ ഗോപാൽ ബദ്‌നെ വിവിധ കേസുകളിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകാനായി നിർബന്ധിച്ചെന്നും എന്നാൽ, ഇതിന് വിസമ്മതിച്ചപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് കുറിപ്പിലെ ആരോപണം. എസ്‌ഐയ്ക്ക് പുറമേ എംപിയും അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫായ രണ്ടുപേർക്കെതിരേയും ഡോക്ടർ സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
കഴിഞ്ഞദിവസം ഫൽത്താനിലെ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായിരുന്ന 26-കാരിയാണ് എസ്ഐയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. എസ്‌ഐയായ ഗോപാൽ ബദ്‌നെ നാലുതവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കഴിഞ്ഞ അഞ്ചുമാസമായി ശാരീരിക-മാനസിക പീഡനം തുടരുകയാണെന്നും കൈവെള്ളയിൽ എഴുതിവെച്ചിട്ടാണ് യുവതി മരിച്ചത്. ഇതിനുപിന്നാലെയാണ് ഡോക്ടറുടെ വിശദമായ മറ്റൊരു ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്.
ഇതിൽ പ്രധാന ആരോപണം പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാതെ ഇവർക്ക് വ്യാജ മെഡിക്കൽ, ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകാൻ എസ്‌ഐ സമ്മർദം ചെലുത്തിയെന്നാണ്. വിസമ്മതിച്ചപ്പോൾ എസ്‌ഐയും കൂട്ടാളികളും മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും കത്തിൽ പറയുന്നു. എംപിയുടെ പേഴ്‌സണൽ അസിസ്റ്റന്റുമാരായ രണ്ടുപേരും സമാനരീതിയിൽ ഉപദ്രവിച്ചു. വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനായിരുന്നു ഇവരും ഉപദ്രവിച്ചത്. ആശുപത്രിയിലെത്തിയ ഇരുവരും എംപിയെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. ഇതിനുപുറമേ വീട്ടുടമയും തന്നെ ഉപദ്രവിച്ചിരുന്നതായും യുവതിയുടെ കുറിപ്പിലുണ്ട്.
അതസമയം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകാനായി ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുവും പ്രതികരിച്ചു. സംഭവത്തിൽ എസ്പിക്കും ഡിഎസ്പിക്കും പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ബന്ധു പറഞ്ഞു. സംഭവത്തിൽ ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കോലാപുർ ഡിവിഷൻ ഐഡി സുനിൽ ഫുലാരി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































