പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. മുൻ പ്രിൻസിപ്പൾ ജോയ്സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് അധ്യാപകർക്കെതിരെ കേസെടുത്തിട്ടുളളത്.
അതേസമയം ഈ സ്കൂളിൽ കുട്ടികൾക്കെതിരെ പ്രാകൃത ശിക്ഷാ രീതികളാണ് നിലനിന്നിരുന്നതെന്നും ആരോപണമുണ്ട്. കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരിൽ ഉരയ്ക്കുക, ഒന്നാം ക്ലാസ് വിദ്യാർഥിയെ പുറത്തുനിർത്തുക, മാർക്ക് കുറഞ്ഞതിന്റെ പേരിൽ ക്ലാസ് മാറ്റുക, നോട്ട് പൂർത്തിയാക്കാത്തതിന്റെ പേരിൽ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന പ്രവണതയടക്കം ഈ സ്‌കൂളിൽ നടക്കുന്നതായും നേരത്തെ ആരോപണമുയർന്നിരുന്നു.
ജൂൺ 24നാണ് തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആശിർനന്ദയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ക്ലാസ് മാറ്റിയതിനാണ് ആശിർനന്ദ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. മാത്രമല്ല അധ്യാപകരിൽ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ആരോപണമുയർന്നിരുന്നു. കുട്ടിയുടെ മരണത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കളും ബന്ധുക്കളും വിവിധ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.
അതേപോലെ സ്‌കൂളിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ആശിർനന്ദയുടെ കുറിപ്പ് ലഭിച്ചിരുന്നു. സുഹൃത്തിന്റെ ബുക്കിന്റെ പിൻഭാഗത്തായായിരുന്നു ആശിർനന്ദ കുറിപ്പെഴുതിയത്. സ്‌കൂളിലെ അധ്യാപകർ തന്റെ ജീവിതം തകർത്തു എന്നായിരുന്നു ആശിർനന്ദ എഴുതിയിരുന്നത്.