മുംബൈ: ബാധയൊഴിപ്പിക്കൽ എന്ന പേരിൽ ആളുകളെ അതിക്രൂരമായി മർദ്ദിച്ച സ്വയംപ്രഖ്യാപിത ആൾദൈവം ഒളിവിൽ. മഹാരാഷ്ട്രയിലെ സാംഭാജിനഗറിലാണ് സംഭവം. സഞ്ചയ് രംഗനാഥ് പാഗർ എന്നയാൾക്കെതിരെയാണ് പരാതികൾ ഉയർന്നത്. ആളുകളെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുക, വായിൽ ചെരിപ്പ് തിരുകി വയ്ക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മന്ത്രവാദം എന്ന പേരിൽ ഇയാൾ ചെയ്തിരുന്നത്. ഇക്കാര്യം പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സഞ്ചയ് ഒളിവിൽപ്പോയത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.
തന്റെ അനുയായികൾക്കൊപ്പമാണ് സഞ്ചയ് ഒളിവിൽപ്പോയത്. ഇയാൾ ഒരു യുവാവിന്റെ ശരീരത്തിൽ നിറങ്ങൾ ഒഴിച്ചതിനുശേഷം ഡ്രം കൊട്ടുകയും മന്ത്രങ്ങൾ ആവർത്തിച്ച് ഉരുവിടുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്. സഞ്ചയ് ഷൂസുകൊണ്ട് യുവാവിന്റെ മൂക്കിൽ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് യുവാവിനെ ബലമായി തറയിൽ പിടിച്ചുകിടത്തുന്നു. കഴുത്തിൽ കാലുകൊണ്ടും വയറിൽ വടികൊണ്ടും അമർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂലായ് 17ന് റെക്കാഡ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഛത്രപതി സംഭാജിനഗർ അന്ധവിശ്വാസ പ്രതിരോധ സമിതി ഗ്രാമത്തിലെത്തുകയും പിന്നാലെ സഞ്ചയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ഇയാൾ ഒളിവിൽപ്പോയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇയാളുമായി ബന്ധപ്പെട്ടവർക്കായും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.