ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള 400 ഏക്കർ ഭൂമിയിൽ ഐടി പാർക്ക് നിർമ്മിക്കാനുള്ള തെലങ്കാന സർക്കാർ നീക്കത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ബുൾഡോസറും മണ്ണുനീക്കി യന്ത്രങ്ങളുമായി അധികൃതർ സ്ഥലത്തെത്തിയതോടെ പ്രതിഷേധ പ്രകടനങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് ലാത്തിചാർജ് നടത്തി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസുകാർ വിദ്യാർത്ഥികളുടെ മുടിയിൽ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുന്നത് വീഡിയോയിൽ കാണാം.
പൊലീസ് പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറുകയും ഒരുദാക്ഷിണ്യവുമില്ലാതെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയുമായിരുന്നെന്ന് ഭാരത് രാഷ്ട്ര സമിതി ആരോപിച്ചു. 200 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. എന്നാൽ 53 വിദ്യാർത്ഥികളെ മാത്രമേ കസ്റ്റഡിയിൽ എടുത്തുള്ളൂവെന്നാണ് പൊലീസിൻ്റെ വിശദീകരണം.സമാധാനപരമായി പ്രതിഷേധം നടത്തിയ വിദ്യാർ ത്ഥികളെ പൊലീസ് അനാവശ്യ മായി മർദിക്കുകയായിരുന്നെന്നാണ് ഉയർന്നുവരുന്ന ആരോപണം.