ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ- പാക് സംഘർഷത്തിൽ യുഎസ് ഇടപെട്ടിരുന്നു എന്ന വാർത്ത ട്രംപ് തന്നെ പുറത്തുവിട്ടിരുന്നു. ആദ്യം ചർച്ചകൾക്കു മുൻകൈയെടുക്കില്ലെന്നു വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് സമാധാന ശ്രമങ്ങളുടെ ഭാഗമായി മെയ് ഒമ്പതിന് വെള്ളിയാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അത് തനിക്കുകിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നു വാൻസ് പറഞ്ഞിരുന്നു. എന്നാൽ ആ രഹസ്യ സന്ദേശം ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണത്തിന് പാക്കിസ്ഥാൻ തയ്യാറെടുക്കുന്നതായും സംഘർഷം ലഘൂകരിക്കാൻ വെടിനിർത്തൽ ഉണ്ടാകണമെന്നും ജെ.ഡി. വാൻസ് അഭ്യർഥിച്ചു. എന്നാൽ, പാക്കിസ്ഥാന്റെ ഏത് പ്രകോപനത്തിനും തിരിച്ചടി കനത്തതായിരിക്കുമെന്നാണ് മോദി നൽകിയ മറുപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാൻ തയ്യാറെടുക്കുന്നുവെങ്കിൽ വിനാശകരമായ പ്രത്യാഘാതമാകും പാക്കിസ്ഥാന് നേരിടേണ്ടിവരികയെന്ന് മോദി തറപ്പിച്ചു പറഞ്ഞുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നത്.
അതേസമയം പാക്കിസ്ഥാൻ ആക്രമിച്ചാൽ കൂടുതൽ ശക്തിയോടെ വിനാശകരമായ രീതിയിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. യുഎസ് അറിയിക്കുന്നതിനും മുമ്പെ ഇന്ത്യ ലക്ഷ്യമാക്കി പാക് സൈന്യത്തിന്റെ നീക്കങ്ങൾ നേരത്തെ തന്നെ ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു. ഇത് കണക്കിലെടുത്തുള്ള തയ്യാറെടുപ്പും ഇന്ത്യയുടെ ഭാഗത്തുനിന്നുമുണ്ടായി. വെള്ളിയാഴ്ച വീണ്ടും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായതോടെ ഇന്ത്യ തിരിച്ചടി കടുപ്പിച്ചു.
ഇതിനു മറുപടിയായി പാക്കിസ്ഥാൻ വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും റഡാർ സ്‌റ്റേഷനുകളുമടക്കം തകർത്താണ് ഇന്ത്യ പ്രതികരിച്ചത്. പാക്കിസ്ഥാൻ ആർമിയുടെ തലസ്ഥാനമായ റാവൽപിണ്ടിയിലും ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യയുടെ ആക്രമണം തടയാൻ പാക്കിസ്ഥാന് സാധിച്ചുമില്ല. പിന്നാലെ പാക്കിസ്ഥാൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ച് വിദേശരാജ്യങ്ങളെ സമീപിച്ചു. വിഷയം യുഎസ് ഇന്ത്യയെ അറിയിച്ചെങ്കിലും സൈനിക നടപടി സംബന്ധിച്ച എന്ത് ചർച്ചയും ഡിയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻ (ഡിജിഎംഒ) തലത്തിൽ മാത്രമേ നടക്കുവെന്ന് ഇന്ത്യ വ്യക്തമാക്കി.
പിന്നീട് യുഎസ് ഉപദേശപ്രകാരമാണ് പാക് ഡിജിഎംഒ ഇന്ത്യയിലെ ഡിജിഎംഒയെ വിളിക്കുന്നതും വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും. എന്നാൽ, വെടിനിർത്തൽ ധാരണയുണ്ടായെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ധാരണയെ വെടിനിർത്തൽ എന്ന് ഇന്ത്യ ഔദ്യോഗികമായി വിശേഷിപ്പിക്കാത്തതും ശ്രദ്ധേയമായി. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ഇപ്പോൾ നമ്മൾ പുതിയൊരു അവസ്ഥയിലെത്തിയെന്നുമാണ് ഇന്ത്യ ഔദ്യോഗികമായി പറഞ്ഞത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ആക്രമിക്കുമെന്ന് ഇന്ത്യ തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിരുന്നു. അതിന് പകരം ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ഓരോ തവണയും ശക്തമായി തന്നെ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സന്ദേശം വ്യക്തമായി നൽകിയിരുന്നതാണ്. നിങ്ങൾ പ്രകോപിപ്പിച്ചാൽ ശക്തമായി തിരിച്ചടിക്കും. നിങ്ങൾ നിർത്തിയാൽ ഞങ്ങളും നിർത്തും- പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.