വടകര: കൊറ്റിയാംവെള്ളിയിൽ സ്‌ഫോടനത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തെച്ചൊല്ലി രാഷ്ട്രീയവിവാദം. ക്ഷേത്രപ്പറമ്പിൽനിന്ന് ശേഖരിച്ച പഴയ പടക്കങ്ങൾ കൊണ്ടുവന്ന് പൊട്ടിക്കുന്നതിനിടെയുള്ള അപകടമാണെന്ന് കുട്ടിയുടെ ബന്ധുക്കളും പോലീസും പറയുമ്പോൾ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തി. യു.ഡി.വൈ.എഫ്. ഇതിനെതിരേ വില്യാപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും നടത്തി.
സംഭവത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി യു.ഡി.എഫ്. ആരോപണമുന്നയിച്ചതോടെ ഒരു കുട്ടിക്ക് പറ്റിയ അബദ്ധത്തെ രാഷ്ട്രീയവത്കരിച്ച് സമൂഹത്തിൽ സംഘർഷമുണ്ടാക്കാനാണ് യു.ഡി.എഫ്. ശ്രമമെന്ന ആരോപണമുയർത്തി എൽ.ഡി.എഫും രംഗത്തെത്തി. വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിൽനിന്ന് പതിനേഴുകാരന് പരിക്കേറ്റത്. കൊറ്റിയാംവെള്ളി ക്ഷേത്രോത്സവസമയത്ത് പൊട്ടാത്ത ഓലപ്പടക്കങ്ങൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോവുകയും ഇത് വീണ്ടുമെടുത്ത് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇടതുകൈക്ക് സാരമായ പരിക്കുണ്ട്. വില്യാപ്പള്ളി എം.ജെ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസൊന്നും രജിസ്റ്റർചെയ്തിട്ടില്ല. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ, സംശയിക്കത്തക്ക ഒന്നുമില്ലെന്നും പടക്കംപൊട്ടിയതാണെന്നും പോലീസ് പറഞ്ഞു.
വില്യാപ്പള്ളിയിൽ നടന്ന സ്‌ഫോടനത്തെ നിസ്സാരവത്കരിക്കാൻ ശ്രമം നടക്കുന്നതായി യു.ഡി.എഫ് ആരോപിച്ചു. കുറ്റ്യാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവം യഥാസമയം പോലീസിനെ അറിയിച്ചിട്ടില്ല. ആശുപത്രിയിൽനിന്ന് വിവരം പോലീസിനെ അറിയിക്കാതിരിക്കാനും സമ്മർദമുണ്ടായി. സി.പി.എം. നേതാവുമായി അടുത്തബന്ധമുള്ള വീടാണിതെന്നും ഇവർ ആരോപിച്ചു.
















































