കൊല്ലം: തിളച്ച എണ്ണയിലേക്ക് ഓരോ തവണയും വീണ്ടും വീണ്ടും ചേർക്കുക പ്ലാസ്റ്റിക് ഉരുക്കിചേർത്ത എണ്ണ. കൊല്ലം റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ഒരു കടയിലാണ് പ്ലാസ്റ്റിക് എണ്ണയിൽ ഉരുക്കിക്കൊണ്ട് കച്ചവടം തകൃതിയായി നടന്നുകൊണ്ടിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് കടയടപ്പിച്ച് അധികൃതർ.
ഇവർ എണ്ണ കൊണ്ടുവന്നിരുന്ന പ്ലാസ്റ്റിക് കവർ അതേപടി എണ്ണിയിലേക്കിട്ട് ഉരുക്കിയെടുക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. വിഷയത്തിൽ നാട്ടുകാർ പരാതി ഉന്നയിച്ചതോടെ കടയിലുണ്ടായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ എണ്ണ പുറത്തേക്ക് കളഞ്ഞുവെങ്കിലും കടയ്ക്ക് പൂട്ടു വീണു. കൊല്ലം റെയിൽവേ സ്‌റ്റേഷനിലേക്കാണ് ഇത്തരത്തിൽ പലഹാരം എത്തിക്കുന്നത് എന്നാണ് വിവരം. പഴമ്പൊരിയും ഉഴുന്നവടയും ഉണ്ടാക്കുന്ന എണ്ണയിലാണ് ഈ രീതിയിൽ പ്ലാസ്റ്റിക് ഉരുക്കിചേർത്തത്.
അതേസമയം ലൈസൻസില്ലാതെയാണ് ഈ കട പ്രവർത്തിച്ചിരുന്നതെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. പ്ലാസ്റ്റിക് ഉരുക്കി പലഹാരങ്ങളുണ്ടാക്കുന്ന എണ്ണയിലേക്ക് ചേർക്കുകയായിരുന്നു എന്ന് വ്യക്തമായി. ഈ സാധനങ്ങളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലൈസൻസും ഹെൽത്ത് കാർഡുമില്ലാതെയാണ് കട പ്രവർത്തിച്ചിരുന്നത്. ബോധപൂർവം ലാഭത്തിന് വേണ്ടിയാണ് ഇത് ചെയ്തിരിക്കുന്നത്. നടപടിയുമായി മുന്നോട്ട് പോകും. ഇത് കഴിക്കുന്നവർക്കു കാൻസർ ഉണ്ടാകും. ഭക്ഷണത്തിനകത്ത് പ്ലാസ്റ്റിക് ഉരുക്കിചേർക്കുക എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ വരെ ഇത് കഴിക്കുന്നുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.