മോസ്കോ∙ റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണതായി റിപ്പോർട്ട്. വ്യാഴാഴ്ച അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നു വീണത്. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സൈബീരിയ ആസ്ഥാനമായ എയർലൈൻ കമ്പനിയാണ് അംഗാര. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചു. തുടർന്നു റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഒരു റെസ്‌ക്യൂ ഹെലികോപ്റ്റർ വിമാനത്തിന്റെ കത്തുന്ന ഫ്യൂസ്ലേജ് കണ്ടെത്തിയെന്നും റിപ്പോർട്ട്.