തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന പാർട്ടി നേതാവ് പിജെ കുര്യൻ രംഗത്ത്. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയാണ് തരൂർ കോൺഗ്രസിൽ എത്തിയതെന്നും ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നതും ആ ലക്ഷ്യം വെച്ചാണെന്നും പിജെ കുര്യൻ.
അടിയന്തരാവസ്ഥയിലെ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകൾ ചൂണ്ടിക്കാട്ടി ശശി തരൂർ കഴിഞ്ഞ ദിവസം ലേഖനമെഴുതിയിരുന്നു. കൂടാതെ സമീപകലാത്ത് തരൂർ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രശംസിച്ചുള്ള പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് കുര്യന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് കുര്യന്റെ പ്രതികരണം.
കുര്യന്റെ കുറിപ്പിന്റെ പൂർണ്ണരൂപം…
അടിയന്തിരാവസ്ഥ സംബന്ധിച്ച് ഏത് അഭിപ്രായം വച്ചു പുലർത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയിൽ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. ഇപ്പോൾ അദ്ദേഹം ശ്രീമതി ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ അദ്ദേഹം കോൺഗ്രസ്സിൽ എന്തിന് ചേർന്നു?
കോൺഗ്രസ്സിന്റെ എംപി യായും മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
അന്ന് എന്തുകൊണ്ട് ഈ അഭിപ്രായം കമ്മറ്റികളിൽ പോലും പറഞ്ഞില്ല. കാരണം വ്യക്തം. കോൺഗ്രസ് അന്ന് ഭരിക്കുന്ന പാർട്ടിയായിരുന്നു. കോൺഗ്രസിനോട് ചേർന്ന് നിന്നാൽ അധികാരത്തിന്റെ അപ്പ കഷ്ണങ്ങൾ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. കോൺഗ്രസ് പ്രതിപക്ഷത്തും ശ്രീ നരേന്ദ്ര മോദി അധികാരത്തിലുമാണ്. ഇപ്പോൾ വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം. ശ്രീമതി ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ്സിനെയും അധിക്ഷേപിക്കണം. വിശ്വ പൗരന്റെ രാഷ്ട്രീയ നിലവാരവും ആദർശവും കൊള്ളാം. നല്ല മാതൃക തന്നെ.