കോട്ടയം: സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെതിരെ 30 വർഷങ്ങൾക്കു മുൻപ് അതായത് 1995ൽ അന്ന് എംഎൽഎയായിരുന്ന പിണറായി വിജയൻ പ്രതിക്കൂട്ടിൽ നിർത്തി നിയമസഭയിൽ നടത്തിയ പ്രസംഗം പുറത്ത്. തലശേരി എഎസ്പി ആയിരുന്ന റാവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പോലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തിയ വാർത്തയെ ഉദ്ധരിച്ചായിരുന്നു പിണറായിയുടെ നിയമസഭാ പ്രസംഗം.
കൂത്തുപറമ്പ് വെടിവയ്പ്പിനുശേഷം നടന്ന നിയമസഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് പിണറായി വിജയൻ, റാവാഡയ്ക്കെതിരെ സംസാരിച്ചത്. 1995 ജനുവരി 30നായിരുന്നു ആ പ്രസംഗം. കരിങ്കൊടി കാണിച്ചിട്ട് പ്രവർത്തകർ പിരിഞ്ഞുപോകും, വെടിവയ്ക്കരുത് എന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾക്കു വെടിവയ്പ് ഒരു പരിശീലനമാണെന്നു റാവാഡ മറുപടി പറഞ്ഞതായി പിണറായി നിയമസഭാ പ്രസംഗത്തിൽ പറയുന്നു. ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനം ആയി കാണുന്ന എഎസ്പി ആണ് റാവാഡ എന്നും പിണറായി വിജയൻ നിയമസഭയിലെ പ്രസംഗത്തിൽ പറയുന്നുണ്ട്.
കൂടാതെ കൂത്തുപറമ്പിൽ ആക്രമണത്തിനു നേതൃത്വം നൽകിയ റാവാഡ ചന്ദ്രശേഖറിനെ സസ്പെൻഡ് ചെയ്ത് കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതേ ഉദ്യോഗസ്ഥനെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്കസേരയിൽ ഇരുത്തിയതിൽ പാർട്ടിക്കുള്ളിലും പ്രത്യേകിച്ച് കണ്ണൂർ ഘടകത്തിലും എതിർസ്വരങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്.
അതേസമയം റാവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിടെയാണ് പഴയ പിണറായിയുടെ പ്രസംഗവും പൊടിതട്ടി പുറത്തുവന്നത്.