കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ മില്ലുടമകൾക്ക് ക്ഷണമില്ല. ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിച്ചത്. ഇതോടെ ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ സിപിഐ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത യോഗം തുടങ്ങി അതിവേഗം അവസാനിക്കുകയും ചെയ്തു. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും യോഗം ചേരാൻ തീരുമാനമായി. മില്ലുടമകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി ഇന്നു ചേർന്ന യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരാണ് പങ്കെടുത്തത്. കൃഷി, ഭക്ഷ്യ, ധന വകുപ്പ് ഡയറക്ടർമാർ, സപ്ലൈകോ എം.ഡി, പാഡി മാനേജർ എന്നിവരാണ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത്. യോഗം തുടങ്ങിയപ്പോൾ തന്നെ മില്ലുടമകളെ യോഗത്തിനു ക്ഷണിച്ചില്ലേ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ഇല്ലെന്നും മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കുന്ന കാര്യവും മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. താനും ധനമന്ത്രി ബാലഗോപാലും നേരത്തെ മില്ലുടമകളുമായി ചർച്ച നടത്തിയ കാര്യവും അദ്ദേഹം അറിയിച്ചു എന്നാണ് വിവരം.
ഇതോടെ ഇക്കാര്യത്തിൽ മില്ലുടമകളുമായി കൂടി കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് പ്രശ്നപരിഹാരമുണ്ടാവുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരില്ലാതെ എങ്ങനെയാണ് ചർച്ച പൂർണമാവുകയെന്നും അവരുടെ ഭാഗം കൂടി അറിഞ്ഞിട്ടു വേണ്ടേ പരിഹാരം കാണാൻ എന്നും മുഖ്യമന്ത്രി ചോദിച്ചു. മില്ലുടമകളെക്കൂടി വിളിച്ച് നാളെ യോഗം ചേരാമെന്നും വ്യക്തമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മില്ലുടമ പ്രതിനിധികളെ വിളിച്ച് നാളെ തിരുവനന്തപുരത്ത് യോഗം നടത്തുന്ന കാര്യം അറിയിക്കുകയും അവരെ ക്ഷണിക്കുകയുമായിരുന്നു. തങ്ങൾ പങ്കെടുക്കുമെന്ന് മില്ലുടമ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.

















































