വടകര: വടകര ജില്ല ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ” സാധാരണ വടകരയിലെ പരിപാടികൾ ഇങ്ങനെയല്ല, നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട്, വലിയ പന്തൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ചൂട് കാലമായതിനാൽ ആളുകൾക്ക് ഇടവിട്ട് ഇരിക്കാൻ പറ്റുന്നുണ്ട്. ഔചിത്യഭംഗി കൊണ്ട് പലതും ഞാൻ പറയാതെ ഒതുക്കുകയാണ്.” മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മിന്റെ പരിപാടിയിൽനിന്ന് കെകെ രമ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവർ വിട്ടുനിന്നിരുന്നു. ഇതിനെയും മുഖ്യമന്ത്രി വിമർശിച്ചു. അതേസമയം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അബ്ദുറഹ്മിൻ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. വടകര നഗരസഭ പരിധിയിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ എം.എൽ.എയെയും എം.പിയെയും ഒഴിവാക്കുന്ന പതിവുണ്ട്. അത് പലതവണ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇത്തവണ ഇരുവരെയും ക്ഷണിക്കുകയും പോസ്റ്ററുകളിൽ പേരും പടവും വയ്ക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇരുവരും പങ്കെടുത്തില്ല. ജനപങ്കാളിത്തം കുറയുന്നതിൽ ഇവരുടെ വിട്ടുനിൽക്കൽ കാരണമായിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തൽ.
അതേസമയം വടകരയിലെ പ്രമുഖ നേതാവായ പികെ. ദിവാകരനെ സിപിഎം ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് പാർട്ടി പ്രവർത്തകർക്കിടയിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് പലരും വിട്ടുനിന്നതിന്റെ പിന്നിലെന്നും വിമർശനമുണ്ട്.