ഒരു ഭരണാധികാരിക്ക് ഏറ്റവും വേണ്ട ഗുണങ്ങൾ ക്ഷമയും സമചിത്തതയും സഹിഷ്ണുതയുമാണ്. ഇതു മൂന്നും ഇല്ലാത്ത ഒരു ഭരണാധികാരിയാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളം ഭരിക്കുന്നത്. കയ്യിലുള്ള അധികാരം ആരേയും എന്തും പറയാനുള്ള അവസരമായി കരുതുന്ന അൽപ്പത്തരമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും പ്രകടിപ്പിക്കാറുള്ളത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം പാലക്കാട് കഞ്ചിക്കോട് നടന്ന സമ്മേളത്തിൽ മുഖ്യമന്ത്രി തന്റെ തനിനിറം പുറത്തെടുത്തത്. പരിപാടിക്ക് ആള് കുറഞ്ഞതാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആളെ കിട്ടാത്ത അവസ്ഥയിലേക്ക് സിപിഎം മാറിയോ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്.
എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്. പക്ഷേ ഞാൻ പറയാതിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു രോഷ പ്രകടനത്തിന്റെ തുടക്കം. ഇത്രയും വലിയൊരു പരിപാടിയാണെന്ന് കാര്യം സംഘാടകർ മറന്നോ..? കുറവുകൾ ഭാവിയിൽ തിരുത്തണമെന്നും പറഞ്ഞ് പിന്നെ നേരെ മാധ്യമങ്ങളുടെ നേർക്കായി. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ ഇകഴ്ത്താൻ ശ്രമിക്കുന്നുവെന്നും അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കേണ്ട എന്നാണ് മാധ്യമങ്ങൾ കരുതുന്നത് എന്നുമായിരുന്നു വിമർശനം. മാധ്യമങ്ങൾ ഇതാദ്യമായല്ല അദ്ദേഹത്തിൽ നിന്നും പഴി കേൾക്കുന്നത്. വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിയാതെയുള്ള ഡയലോഗുകൾ പലപ്പോഴും പിണറായി വിജയനിൽ നിന്നും പൊതുവേദികളിൽ ഉണ്ടാകാറുണ്ട്. വലിയ പരിപാടികൾക്ക് അവതാരകരെ ഏൽപ്പിക്കുന്നത് ഇപ്പോഴത്തെ രീതിയാണ്. സ്വാഭാവികമായും അവർ അതിഥികളെക്കുറിച്ച് സദസിനോട് സംസാരിക്കും. ഓരോ പ്രസംഗത്തിന് ശേഷവും അത് നന്നായിരുന്നു എന്ന് പറയും. ഏൽപ്പിച്ച ജോലി ഭംഗിയാക്കുന്നു. എന്നാൽ പിണറായി വിജയന് അതും അംഗീകരിക്കാൻ കഴിയില്ല.
നിയമസഭാമന്ദിരത്തിൽ മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോൾ അവതാരക മുഖ്യമന്ത്രിയെ ഒന്ന് പുകഴ്ത്താൻ നോക്കി. വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ച്ച വെച്ചതിന്… എന്ന് പറഞ്ഞ് തുടങ്ങുമ്പോഴേക്കും മുഖ്യമന്ത്രി രോഷം കൊണ്ട് തിളച്ചു. അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ, നിങ്ങൾ ആളെ വിളിക്കുന്നെങ്കിൽ ആളെ വിളിച്ചാൽ മതി. സമാനമായ സംഭവങ്ങൾ വേറെയുമുണ്ട്. പക്ഷേ കാരണഭൂതനെന്നും പടനായകനെന്നും സമരധീര സാരഥിയെന്നും ഫീനിക്‌സ് പക്ഷിയെന്നും സൂര്യനെന്നും വിശേഷിപ്പിച്ച് ആരെങ്കിലും എഴുതി സംഗീതം നൽകി പാടിയാൽ മുഖ്യമന്ത്രിക്ക് ഒരു പ്രശ്‌നവുമില്ല. എത്ര വേദിയിൽ ആലപിക്കപ്പെട്ടാലും ഒരു നാണക്കേടും ഇല്ലാതെ കേട്ടിരിക്കും.
മൈക്ക് ആണ് മുഖ്യമന്ത്രിയുടെ കോപത്തിന്റെ മറ്റൊരു ഇര. സാങ്കേതിക ഉപകരണങ്ങൾ കേടുവരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് പോലും ഉൾക്കൊള്ളുവാനുള്ള ക്ഷമ അദ്ദേഹം കാണിക്കാറില്ല. വാർത്താ സമ്മേളനത്തിനിടയിലും പൊതു സമ്മേളനത്തിലും മൈക്കുകൾ മുഖ്യനുമായി പിണങ്ങുന്നത് പതിവാണ്. ഈ സന്ദർഭങ്ങളിലെല്ലാം അക്ഷമനായ മുഖ്യമന്ത്രിയെ കാണാം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തോമസ് ചാഴിക്കാടന് വേണ്ടി സംസാരിക്കുമ്പോൾ മൈക്ക് ഒടിഞ്ഞുവീണു. മറ്റൊരു വേദിയിൽ മൈക്കിന് ഉയരം കൂടിയതായിരുന്നു പ്രശ്‌നം.
കോട്ടയത്ത് ഒരു ചടങ്ങിനിടെ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായി. വേറെ രണ്ട് മൈക്ക് കൊണ്ടുവന്നെങ്കിലും അതും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാൻഡിൽ ഉറപ്പിക്കുന്നതിന് പകരം കൈയ്യിൽ കൊടുത്തെങ്കിലും അത് വാങ്ങിക്കാൻ തയ്യാറായില്ല. സ്റ്റാൻഡിൽ ഉറപ്പിച്ച ശേഷം മാത്രമാണ് സംസാരിക്കാൻ സന്നദ്ധത കാണിച്ചത്. മൈക്കിനോട് പോലും കോപിക്കുന്ന മുഖ്യമന്ത്രിയുടെ തനിനിറം ഇനിയും പലതും പുറത്തുവരാൻ സാധ്യതയുണ്ട്.