തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍. അവശ്യവസ്തുക്കളുടെ വിലവര്‍ധന സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു വിഷ്ണുനാഥ്. കേരളത്തിന്റെ ഉപഭോക്തൃ വില (സിപിഐ) സൂചിക പ്രകാരമുള്ള വിലക്കയറ്റ തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിന്റെ ഓഗസ്റ്റിലെ വിലക്കയറ്റ തോത് 9 ആണെങ്കില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആണ്. തുടര്‍ച്ചയായി എട്ടു മാസങ്ങളില്‍ വിലക്കയറ്റ തോതില്‍ കേരളം നമ്പര്‍ വണ്‍ ആയിരിക്കുകയാണ്. എട്ടുമാസമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
‘‘വെളിച്ചെണ്ണ വില കുതിച്ചുകയറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ‘10 രൂപയുടെ പപ്പടം 400 രൂപയുടെ വെളിച്ചെണ്ണയില്‍ കാച്ചുന്ന മലയാളിയോടാണോ ട്രംപിന്റെ കളി’ എന്ന് അമേരിക്ക തീരുവ കൂട്ടിയപ്പോള്‍ ട്രോള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഒരുപാടു കാത്തിരിക്കേണ്ട അവസ്ഥയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. ചുട്ടു തിന്നേണ്ടിവരും.
സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്. സപ്ലൈകോ വിപണി ഇടപെടലിന് ആവശ്യപ്പെട്ടത് 420 കോടി രൂപയാണ്. എന്നാല്‍ വകയിരുത്തിയത് 205 കോടിയും അതില്‍ ചെലവഴിച്ചത് 176 കോടി രൂപയുമാണ്. പിന്നെ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്. സബ്‌സിഡി സാധനങ്ങള്‍ക്കു വരെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചു. 2016ല്‍ ചെറുപയറിന് സബ്‌സിഡി വില 74 രൂപയായിരുന്നു. ഇപ്പോള്‍ 90 രൂപയാണ് വില. സമാനമായി എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു’’ – വിഷ്ണുനാഥ് പറഞ്ഞു.