കൊച്ചി: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ താൽക്കാലികമായി പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 30 വരെയാണ് യുവാവിന്റെ അറസ്റ്റ് തടഞ്ഞത്. അനാഥാലയം നടത്തിപ്പുകാരി, മകൻ, മകൾ, മകളുടെ ഭർത്താവ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ അടൂർ പോലീസിനോട് കോടതി നിർദേശിക്കുകയും ചെയ്തു.
പെൺകുട്ടി അന്തേവാസിയായിരുന്ന കാലത്ത് ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പീഡന സമയം പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. കൂടാതെ പെൺകുട്ടി ഗർഭിണിയായത്മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം.
അതേസമയം അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി പെൺകുട്ടി പ്രസവിച്ചു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും അത് മറച്ചുവയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു. രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പോലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് അടൂർ പോലീസ് പോക്സോ കേസെടുത്തത്.