ഷൊർണൂർ: കുപ്പിവെള്ളം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യാത്രക്കാരന്റെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ. സംഭവത്തിൽ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്സ്പ്രസിൽ വെള്ളിയാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ പാൻട്രികാർ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ- മുംബൈയിൽ നിന്നാണ് അഭിഷേക് ബാബു സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത്. രാത്രിയായതോടെ കയ്യിൽ കരുതിയ വെള്ളം തീർന്നു. ഇതോടെ വെള്ളം വാങ്ങാനായി പാൻട്രികാറിലേക്ക് പോയ യുവാക്കൾ 200 രൂപ നൽകിയപ്പോൾ 15 രൂപ കൊണ്ട് വരാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവാക്കളും പാൻട്രികാർ ജീവനക്കാരും തമ്മിൽ തർക്കമായി. പിന്നീട് ഇരുകൂട്ടരും പിരിഞ്ഞുപോയി. സീറ്റിലേക്കു തിരിച്ചെത്തിയപ്പോഴാണ് പാൻട്രികാറിനകത്ത് കണ്ണടയും തൊപ്പിയും മറന്നു വച്ച കാര്യം യുവാക്കൾക്ക് ഓർമ വന്നത്. അത് വാങ്ങാൻ ചെന്നപ്പോൾ പിറ്റേന്നു രാവിലെ തരാം എന്ന് ജീവനക്കാർ മറുപടി നൽകി.
തുടർന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് യുവാക്കൾ ചെന്നതോടെ പാൻട്രികാർ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് സ്റ്റീൽ ബക്കറ്റിൽ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതോടെ യുവാക്കൾ സംഭവം റെയിൽവേ പോലീസിനെ വിളിച്ച് അറിയിച്ചു. ട്രെയിൻ തൃശൂർ എത്തിയപ്പോൾ പാൻട്രി കാർ ജീവനക്കാരനെ റെയിൽവേ പോലീസ് പിടികൂടുകയായിരുന്നു.
അതേസമയം മുതുകിനും, കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പോലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


















































