ലണ്ടൻ: പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘പലസ്തീൻ ആക്ഷന്റെ’ നിരോധനത്തിനെതിരേ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ കൂട്ടഅറസ്റ്റ്. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതിൽ അഞ്ചുപേർ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കഴിഞ്ഞമാസമാണ് തീവ്രവാദ വിരുദ്ധ നിയമപ്രകാരം ‘പലസ്തീൻ ആക്ഷന്’ ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്‌സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീൻ ആക്ഷന് ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരേയാണ് ശനിയാഴ്ച വലിയ പ്രതിഷേധം അരങ്ങേറിയത്.
അതേസമയം കറുത്തവസ്ത്രവും കഫിയയും ധരിച്ച് പലസ്തീൻ പതാകകളുമായാണ് പ്രതിഷേധക്കാർ ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലെത്തിയത്. പലസ്തീന് ആക്ഷന് പിന്തുണ പ്രഖ്യാപിച്ചും വംശഹത്യയെ എതിർത്തും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും പ്രതിഷേധപ്രകടനം നടത്തി.
‘പലസ്തീൻ ആക്ഷൻ’ നിരോധിച്ചതോടെ സംഘടനയിൽ അംഗമാകുന്നത് ക്രിമിനൽക്കുറ്റമായി മാറിയിരിക്കുകയാണ്. ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് 14 വർഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാം. അതേസമയം, സംഘടനയെ നിരോധിച്ച സർക്കാർ നടപടിക്കെതിരേയുള്ള നിയമപരമായ പോരാട്ടത്തിന് പലസ്തീൻ ആക്ഷൻ സഹസ്ഥാപക ഹുദ അമ്മോരിക്ക് കഴിഞ്ഞയാഴ്ച അനുമതി ലഭിച്ചിരുന്നു.