മുംബൈ: ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹമണ്ഡപം വരെയെത്തിയസ്മൃതി മന്ഥന- പലാശ് ബന്ധത്തിനു അവസാനമായെന്ന കുറിപ്പുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തന്നെ പോസ്റ്റ്. സംഗീത സംവിധായകൻ പലാശ് മുച്ഛലുമായി വിവാഹം റദ്ദാക്കിയെന്നും ബന്ധത്തിൽ പിന്മാറിയതായും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
‘‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ സമയത്ത് കാര്യങ്ങൾ തുറന്നു പറയേണ്ടത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ വിവാഹം റദ്ദാക്കിയ കാര്യം ഞാൻ വ്യക്തമാക്കേണ്ടതുണ്ട്.’’– സ്മൃതി കുറിച്ചു. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിച്ചെന്നും ഇരു കുടുബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി വ്യക്തമാക്കി. ഇന്ത്യയ്ക്കായി കളിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കിയ താരം, മുന്നോട്ടു പോകാൻ സമയമായി എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം നവംബർ 23ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവച്ചാണ് സ്മൃതിയും പലാശ് മുച്ചലും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹചടങ്ങുകൾക്കു മുൻപ് സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. വിവാഹവേദിയിലേക്ക് ആംബുലൻസ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്. വിവാഹം മാറ്റിയതിനു പിന്നാലെ സ്മൃതിയും സുഹൃത്തുക്കളായ ഇന്ത്യൻ താരങ്ങളും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽനിന്നു നീക്കിയിരുന്നു.
കൂടാതെ പലാശ് പങ്കുവച്ച ‘പ്രൊപോസൽ’ വീഡിയോയും സ്മൃതി തന്റെ ഇൻസ്റ്റഗ്രാമിൽനിന്നു നീക്കി. ഇതിനു പിന്നാലെ ബോളിവുഡ് കോറിയോഗ്രാഫറുമായി പലാശ് നടത്തിയതെന്ന് ആരോപിക്കുന്ന ‘ചാറ്റിന്റെ’ സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നു. ഇതാണ് വിവാഹം മാറ്റിവയ്ക്കാൻ കാരണമെന്നും ചിലർ ആരോപിച്ചു. കൊറിയോഗ്രഫറുമാരായ മേരി ഡി കോസ്റ്റ്, നന്ദിക ദ്വിവേദി, ഗുൽനാസ് ഖാൻ എന്നിവരുമായി ചേർത്തും ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവരുമായുള്ള പലാശിന്റെ അടുപ്പമാണ് വിവാഹം മുടങ്ങാൻ കാരണമെന്നായിരുന്നു ഉയർന്നുവന്ന ആരോപണം.
ഇതിനിടെ വിവാഹം റദ്ദാക്കിയെന്നും സ്മൃതിയുമായുള്ള ബന്ധത്തിൽനിന്നു പിന്മാറിയതായും അറിയിച്ച് പലാശ് മുച്ഛലും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടു. ‘‘എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും എന്റെ വ്യക്തിപരമായ ബന്ധത്തിൽ നിന്ന് പിന്മാറാനും ഞാൻ തീരുമാനിച്ചു. എനിക്ക് ഏറ്റവും പവിത്രമായി കരുതുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ കിംവദന്തികളോട് ആളുകൾ ഇത്ര എളുപ്പത്തിൽ പ്രതികരിക്കുന്നത് കാണുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമാണിത്, എന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഞാൻ അതിനെ ഭംഗിയായി നേരിടും. ഒരു സമൂഹമെന്ന നിലയിൽ, സ്ഥിരീകരിക്കാത്ത ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നതിന് മുൻപ് അതിനെക്കുറിച്ച് മനസിലാക്കാൻ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’– പലാശ് കുറിച്ചു.


















































