പാലക്കാട്: നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ അതിവേഗ ഇടനാഴിയായി നിര്‍മിക്കും. പദ്ധതി രൂപരേഖയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറായി പാലക്കാട് – കോഴിക്കോട് ഹൈവേ മാറും. മാത്രമല്ല, പാലക്കാട് നിന്ന് കോഴിക്കോട്ടെത്താന്‍ ഇനി ഒന്നര മണിക്കൂര്‍ മാത്രം.
നിര്‍ദിഷ്ട കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയും അങ്കമാലി – കുണ്ടന്നൂര്‍ ബൈപാസും ഈ രീതിയില്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിവേഗ ഇടനാഴിയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇപ്പോഴത്തെ ദേശീയപാതയിലൂടെ പാലക്കാട് – കോഴിക്കോട് യാത്രയ്ക്ക് ശരാശരി നാല് മണിക്കൂര്‍ എടുക്കുമ്പോള്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ രണ്ട് മണിക്കൂറാണ് കണക്കാക്കുക.
ഇത് അതിവേഗ ഇടനാഴിയായി രൂപം മാറുമ്പോള്‍ ഒന്നര മണിക്കൂറില്‍ താഴെയാകുമെന്നാണ് വിലയിരുത്തല്‍. പാലക്കാട് മരുതറോഡില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിര്‍ദിഷ്ട അതിവേഗ ഇടനാഴി.