ദുബായ്: 2024 ജൂണിൽ പാലക്കാട് നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോൾ ഷിബിലിയ്ക്ക് കൂട്ട് ഒരുപിടി സങ്കടങ്ങൾ മാത്രമായിരുന്നു. ആദ്യവിവാഹത്തിൽ നിന്നുളള ദുരനുഭവങ്ങൾ, എട്ട് വയസ്സുകാരൻ മകൻ, കാൻസർ രോഗബാധിതയായ ഉമ്മ, മുന്നോട്ടുപോകാൻ ദൂരമേറയുണ്ടായിരുന്നു.
സന്ദർശക വീസയിലായിരുന്നു യുഎഇ യാത്ര. മേക്കപ്പ് ആർട്ടിസ്റ്റാണ്, യുഎഇയിലുളള ജോലി അവസരങ്ങൾ അറിയണം, പറ്റുമെങ്കിൽ ഒരു ജോലി സംഘടിപ്പിക്കണം അതുമാത്രമായിരുന്നു മനസ്സിലുണ്ടായിരുന്ന ആഗ്രഹം. അതിനിടയിൽ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ചൊരു പ്രണയമുണ്ടാകുമെന്നോ വിവാഹിതയാകുമെന്നോ സ്വപ്നത്തിൽ പോലും ഷിബിലി കരുതിയിരുന്നില്ല.എന്നാൽ എതിർപ്പുകളും വെല്ലുവിളികളും സ്നേഹത്തിൻറെ കരുത്തിൽ മറികടന്ന് പാക്കിസ്ഥാനിയായ റസ മുസ്തഫ പാലക്കാട്ടുകാരിയായ ഷിബിലിയെ ജീവിത സഖിയാക്കി.
∙ കഥ ഇതുവരെ
ദുബായിലെത്തിയതിന് ശേഷം ഇൻസ്റ്റയിലൂടെയാണ് ദുബായിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാനിലെ ലാഹോർ സ്വദേശിയായ റസ മുസ്തഫയെ പരിചയപ്പെടുന്നത്. തികച്ചും ഔപചാരികമായി തുടങ്ങിയ സൗഹൃദം. എന്നാൽ പിന്നീട് അടുത്ത സുഹൃത്തിനോടെന്ന പോലെ അടുത്തു. അപ്രതീക്ഷിതമായി കാണാൻ പറ്റുമോയെന്ന് ചോദിച്ചപ്പോൾ അമ്പരപ്പായി. സുഹൃത്തുക്കൾ ധൈര്യം തന്നതോടെ കാണാമെന്ന് ഉറപ്പിച്ചു.
ദുബായിലെ ഒരു റസ്റ്ററൻറിൽ വച്ചാണ് റസയെ കാണുന്നത്. അവിടെ വച്ചാണ് റസ പാക്കിസ്ഥാനിയാണെന്ന് അറിയുന്നത്. ശരീരത്തിലൊരു ബോംബ് വീണതുപോലെയെന്നാണ് ആ നിമിഷത്തെ കുറിച്ച് ഷിബിലി ഓർക്കുന്നത്. ആ കൂടികാഴ്ച അവസാനിപ്പിച്ച് തിരികെ വരുമ്പോൾ ഒരുപാട് സംശയങ്ങൾ മനസിലുണ്ടായിരുന്നു. പക്ഷെ ആ സൗഹൃദം അവിടെ അവസാനിച്ചില്ല. വീണ്ടും റസയുടെ ഫോൺകോളുകൾ ഷിബിലിയെ തേടിയെത്തി.
പതിയെ സൗഹൃദത്തിൻറെ നിറം പ്രണയത്തിന് വഴിമാറി.പ്രണയം തുറന്നുപറഞ്ഞുവെങ്കിലും പ്രണയസാഫല്യത്തിന് കടന്നുപോകേണ്ട വഴികൾ ദുർഘടമാണെന്ന് ഇരുവർക്കും ബോധ്യമുണ്ടായിരുന്നു. ഇതിനിടെ വിസിറ്റ് വീസ കാലാവധി അവസാനിച്ചു. ഷിബിലി പാലക്കാട്ടേക്ക് തിരിച്ചുപോകാനൊരുങ്ങി. യാത്രയുടെ അതേ ദിവസമാണ് ഷിബിലിയെ അദ്ഭുതപ്പെടുത്തി നമ്മുടെ വിവാഹക്കാര്യം താൻ വീട്ടിൽ പറഞ്ഞുവെന്ന് റസ പറയുന്നത്.
∙ എതിർപ്പുകളെ അതിജീവിച്ച് വിവാഹത്തിലേക്ക്
ഷിബിലിയുടെ രണ്ടാം വിവാഹം, എട്ടുവയസ്സുളള മകൻ. റസ തൻറെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ സ്വഭാവികമായും എതിർപ്പുകളുണ്ടായി.നന്നായി ആലോചിച്ചാണോ തീരുമാനമെന്നായിരുന്നു ഉപ്പയുടെ ചോദ്യമെന്ന് റസ പറയുന്നു. മാതാപിതാക്കൾ ഷിബിലിയോട് സംസാരിച്ചു. അതിന് ശേഷമാണ് വിവാഹത്തിന് സമ്മതം മൂളിയത്. ഷിബിലിയുടെ ഉമ്മ കാൻസർ രോഗിയാണ്. അനിയത്തി. മകൻ. ഷിബിലിയ്ക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചായിരുന്നു ആദ്യത്തെ വിവാഹം. എന്നാൽ ആ ബന്ധം മുന്നോട്ടുപോയില്ല.
അതുകൊണ്ടുതന്നെ വീണ്ടുമൊരു വിവാഹമെന്നതിലേക്ക് എത്തുമ്പോൾ ഈ വിവാഹം നിനക്ക് സന്തോഷവും സുരക്ഷിതത്വവും നൽകുമോയെന്നുളളത് ഉറപ്പിക്കേണ്ടത് നീ തന്നെയാണെന്നായിരുന്നു ഉമ്മ പറഞ്ഞത്. അടുത്ത കടമ്പ റസ പാക്കിസ്ഥാൻ സ്വദേശിയാണ് എന്നുളളതായിരുന്നു. എവിടെയാണ്, എന്താണ്,എങ്ങനെയാണ് എന്നതെല്ലാം അന്വേഷിച്ചോയെന്ന് ഉപ്പയും ഉമ്മയും ഒരുപോലെ ആശങ്കപ്പെട്ടു. എങ്കിലും സ്നേഹത്തിൻറെ ഉറപ്പിൽ എതിർപ്പുകളെല്ലാം ഷിബിലിയും റസയും മറികടന്നു. വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വീണ്ടും ദുബായിലേക്ക്. മുസ്ലീം മതാചാരപ്രകാരം നിക്കാഹ് കഴിച്ചു. ഇക്കഴിഞ്ഞ ജൂണിൽ ഇരുവരും അബുദബി കോർട്ടിലെത്തി വിവാഹം റജിസ്ട്രർ ചെയ്തു.
∙ കേരളം കാണണം, പാലക്കാടെത്തണം
ഷിബിലിയോടുളള ഇഷ്ടം റസയെ മലയാളത്തോടും കേരളത്തോടുമടുപ്പിച്ചു. മലയാളം കേട്ടാൽ മനസിലാകും. ഒന്നുരണ്ടുവാക്കുകൾ പറയുകയും ചെയ്യും. റസയെ കേരളത്തിലേക്ക് കൊണ്ടുപോകണമെന്ന് ഷിബിലിയ്ക്ക് ആഗ്രഹമുണ്ട്. ഷിബിലിയുടെ നാട് കാണാൻ റസയ്ക്കും ആഗ്രഹമുണ്ട്. യാത്ര സാധ്യമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് റസ.